SignIn
Kerala Kaumudi Online
Friday, 15 May 2026 9.42 PM IST

 സമരം പൊളി​ഞ്ഞു:..... കൂടൽമാണിക്യം ക്ഷേത്ര ഉത്സവത്തി​ന് തന്ത്രിമാരെത്തി​

koodal

കൊച്ചി: ഈഴവ സമുദായാംഗത്തെ കഴകക്കാരനാക്കിയതിന് എതിരെ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ തന്ത്രിമാർ നടത്തിയ ബഹിഷ്കരണ സമരം പൊളിഞ്ഞു. മേയ് എട്ടിന് അവസാനിച്ച 11 ദിവസത്തെ ഉത്സവത്തിലെ താന്ത്രിക ചടങ്ങുകളിൽ അഞ്ചു തന്ത്രി കുടുംബങ്ങളിലെയും അംഗങ്ങളെത്തി. കഴകക്കാരൻ കെ.എസ്. അനുരാഗും എല്ലാ ദിവസവും ജോലിക്കെത്തിയിരുന്നു.

ആറ് തന്ത്രിമാരി​ൽ തരണനല്ലൂർ പടിഞ്ഞാറേമന കുടുംബം മാത്രമാണ് ഒരു വർഷമായി താന്ത്രികചടങ്ങുകൾ മുടങ്ങാതെ നോക്കിയത്. പുറത്തുനിന്ന് അബ്രാഹ്മണരുൾപ്പെടെയുള്ളവരെ തന്ത്രിമാരാക്കാനുള്ള നീക്കം ഭയന്നാണ് മറ്റു തന്ത്രികുടുംബങ്ങളും ഉത്സവത്തോട് സഹകരിച്ചത്. ഉത്സവ ദിവസങ്ങളിൽ നാലു തന്ത്രിമാർ വീതം വേണം. മൂന്നു തന്ത്രി കുടുംബങ്ങളിൽ പുലയുണ്ടായതിനാൽ ഏതാനും ദിവസം ഇവരുടെ ചുമതല മറ്റു കുടുംബങ്ങൾ നിർവഹിച്ചു.

തന്ത്രിസമരം നേരിടാൻ പടിഞ്ഞാറേ മനയിലെ അനുപ്രകാശ് നമ്പൂതിരിപ്പാടിന് ഉത്സവചുമതല കൈമാറിയിരുന്നു. അതിനാൽ ദക്ഷിണയുൾപ്പെടെയുള്ള പ്രതിഫലം അഞ്ചു കുടുംബങ്ങൾക്കും ഇദ്ദേഹം വഴിയേ നൽകാനാകൂ. ക്ഷേത്രത്തി​ലെ കളഭം വഴി​പാടി​ലും ഇതേ പ്രശ്നം വരും. കൂടൽമാണിക്യം ദേവസ്വത്തിൽ തന്ത്രികുടുംബത്തിലെ കാരണവന്മാരുടെ പേരു മാത്രമേയുള്ളൂ. ഇവർ ദേവസ്വവുമായി സഹകരിക്കുന്നില്ല. പകരക്കാരുടെ പേരും നൽകിയിട്ടില്ല. ഇവരി​ൽപ്പെട്ട നെടുമ്പി​ള്ളി​ ഗോവി​ന്ദൻ നമ്പൂതി​രി​ ദേവസ്വം ഭരണസമി​തി​അംഗവുമാണ്.

ഉത്സവത്തിൽ പങ്കെടുത്ത തന്ത്രികുടുംബാംഗങ്ങൾ
1. നഗരമണ്ണ് ഋഷികേശ് നമ്പൂതിരി
2. അണിമംഗലം എ.എസ്. നാരായണൻ നമ്പൂതിരി, എ.എസ്. രാമൻ നമ്പൂതിരി, എ.വി. സുനിൽ നമ്പൂതിരി
3. കിടങ്ങശ്ശേരി തരണനെല്ലൂർ ഹരി നമ്പൂതിരി, പദ്മനാഭൻ നമ്പൂതിരി
4. നെടുമ്പിള്ളി തരണനെല്ലൂർ സജി നമ്പൂതിരിപ്പാട്
5. ചെമ്പാപ്പിള്ളി തരണനെല്ലൂർ സൂരജ്, ശ്രീശങ്കർ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA