SignIn
Kerala Kaumudi Online
Friday, 15 May 2026 9.42 PM IST

ആഘോഷത്തോടെ എത്തി നിരാശരായി മടങ്ങി ഇന്ദിരാഭവനിൽ തടിച്ചുകൂടി പ്രവർത്തകർ

aa

തിരുവനന്തപുരം: പായസവും മധുര പലഹാരങ്ങളും ഒരു വിളിപ്പാടകലെ ഒരുക്കി വച്ച് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ ഇന്ദിരാഭവനിലേക്ക് ഒഴുകിയെത്തി. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നലെ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ പതിവിൽ കവിഞ്ഞ ആൾക്കൂട്ടമായിരുന്നു ഇന്ദിരാഭവനിൽ. ഡൽഹിയിൽ രാഹുൽഗാന്ധിയും മല്ലികാർജ്ജുൻ ഖാർഗെയും കൂടിക്കാഴ്ച നടത്തിയപ്പോൾ പ്രവർത്തകരുടെ മുഖത്ത് ആകാംക്ഷ നിറഞ്ഞു. ആരാകും മുഖ്യമന്ത്രി.

ആരായാലും ആരവത്തോടെ വരവേൽക്കാൻ കാത്തുനിന്ന പ്രവർത്തകരെ നിരാശപ്പെടുത്തി പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റിയതോടെ എല്ലാമുഖങ്ങളിലും മ്ളാനത പടർന്നു. എങ്കിലും ഇന്ന് തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്ന അറിയിപ്പിൽ തെല്ലൊരു ആശ്വാസവും. തുടർന്ന് പ്രവർത്തകർ പിരിഞ്ഞു പോയി. ഇന്ന് ആഘോഷം പൊടിപൊടിക്കാമെന്ന പ്രതീക്ഷയോടെ.

തിരഞ്ഞെടുപ്പ് ഫലം വന്ന് പത്തുദിവസമായിട്ടും മുഖ്യമന്ത്രി ആരെന്ന് അറിയാത്തതിൽ പ്രവർത്തകരിലും നേതാക്കളിലും നിരാശ പ്രകടമായിരുന്നു. അതിനിടെയാണ് ഇന്നലെ പ്രഖ്യാപനമുണ്ടാകുമെന്ന അഭ്യൂഹം പരന്നത്. പ്രവർത്തകരും നേതാക്കളും ഒഴുകിയെത്തിയതോടെ മാദ്ധ്യമപ്പടയും ഇന്ദിരാഭവനിലെത്തി. നാദാപുരത്തു നിന്ന് ആറ് ദിവസം മുമ്പെത്തിയ രാമചന്ദ്രൻ ഉൾപ്പെടെ ജില്ലയ്ക്ക് പുറത്തു നിന്നടക്കമുള്ള പ്രവർത്തകരും ഇന്ദിരാഭവനിലുണ്ടായിരുന്നു.

അതിനിടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന രമേശ് ചെന്നിത്തലയുടെ വസതിയിലും ഇന്നലെ നിരവധി പ്രവർത്തകരെത്തി. മാദ്ധ്യമ പ്രവർത്തകരും എത്തിയിരുന്നു. വഴുതയ്ക്കാടുള്ള എ.കെ.ആന്റണിയുടെ വീട്ടിലും പ്രവർത്തകർ എത്തിയിരുന്നു. ജോസഫ് വാഴയ്ക്കൻ അടക്കം ചില നേതാക്കളും ആന്റണിയെ കാണാനെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA