
തിരുവനന്തപുരം: ലോകബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന കേര പദ്ധതിയിലൂടെ പുനർനടീൽ നടത്തുന്ന റബർ കർഷകർക്ക് ഹെക്ടറിന് 75,000 രൂപ നിരക്കിൽ സർക്കാരിന്റെ നേരിട്ടുള്ള ധനസഹായം ലഭ്യമാക്കുന്ന സ്കീമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാനത്ത് 30,000 ഹെക്ടറിലെ പുനർനടീലിലൂടെ 50,000ത്തോളം റബർ കർഷകർക്ക് സഹായം ലഭ്യമാക്കും.
25 സെന്റ് മുതൽ 5 ഹെക്ടർവരെ റബർ കൃഷിയുള്ള ചെറുകർഷകർക്ക് പ്രത്യേക പ്രാധാന്യം നൽകുന്നതാണ് പദ്ധതി. ആദ്യ വർഷം 55,000 രൂപയും രണ്ടാം വർഷം 20,000 രൂപയും ഓരോ കർഷകനും പരമാവധി 2 ഹെക്ടർ വരെയുള്ള റബർ പുനർനടീലിന് ധനസഹായം ലഭിക്കും. ഉത്പാദനക്ഷമത കുറഞ്ഞ പഴയ റബർ മരങ്ങൾ മുറിച്ചു മാറ്റി, ഉത്പാദനക്ഷമതയുള്ളവ വച്ചുപിടിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകുന്നതാണ് പദ്ധതി.
ഗുണമേന്മയുള്ള തൈകൾ കുറഞ്ഞ ചെലവിൽ കർഷകർക്ക് ലഭ്യമാക്കുന്നതിന് ഓരോ നഴ്സറിക്കും പരമാവധി 6 ലക്ഷം രൂപ വരെ സബ്സിഡി അനുവദിക്കും. അപേക്ഷകർ തിരിച്ചറിയൽ രേഖ,ഫോട്ടോ, ബാങ്ക് പാസ് ബുക്ക്, കൈവശാവകാശ സർട്ടിഫിക്കറ്റ്, കൃഷിയിടത്തിന്റെ സ്കെച്ച്, അംഗീകൃത നഴ്സറിയിൽ നിന്ന് നടീൽ വസ്തുക്കൾ വാങ്ങിയതിന്റെ ബിൽ തുടങ്ങിയ രേഖകൾ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷ നൽകേണ്ട ഓൺലൈൻ പോർട്ടൽ- www.keraplantation.kerala.gov.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |