
കോഴിക്കോട്: ''ബലി പെരുന്നാളിന് മുൻപ് ഓനിങ്ങെത്തും""- വധശിക്ഷയിൽ നിന്ന് മുക്തനായി സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് അബ്ദുൾ റഹിമിന്റെ സഹോദരൻ നസീറിന്റെ വാക്കുകളിൽ ആശ്വാസം. ഉമ്മ ഫാത്തിമയും 20 വർഷത്തിന് ശേഷം ഈ ബലിപെരുന്നാൾ മകനോടൊപ്പം ആഘോഷിക്കാമെന്ന പ്രതീക്ഷയിലാണ്.
റഹ്മിമിന്റെ 20 വർഷത്തെ ജയിൽവാസം ഇന്ന് പുലർച്ചെ പൂർത്തിയാകും. വ്യാഴാഴ്ചയ്ക്കകം ആഭ്യന്തര മന്ത്രാലയം എക്സിറ്റ് വിസ നൽകുന്നതോടെ റഹീമിന് നാട്ടിലേക്ക് വിമാനം കയറാം. താമസം നേരിട്ടാൽ പെരുന്നാൾ അവധി കഴിഞ്ഞ് ജൂൺ രണ്ടിന് ശേഷമായിരിക്കും മടക്കം. കോഴിക്കോട്ടേക്കോ കൊച്ചിയിലേക്കോ അയയ്ക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. മറ്റ് കേസുകൾ പോലെ റഹീമിനെ ഫൈനൽ എക്സിറ്റ് കാത്തിരിക്കുന്നവർക്കായുള്ള തടവു കേന്ദ്രത്തിലേക്ക് മാറ്റാതെ നേരിട്ട് വിമാനത്തിൽ കയറ്റി അയയ്ക്കുമെന്ന് റഹീം നിയമസഹായ സമിതി വ്യക്തമാക്കി. രാജ്യം വിടാനുള്ള എമർജൻസി സർട്ടിഫിക്കറ്റ് ഇന്ത്യൻ എംബസി തയ്യാറാക്കി കഴിഞ്ഞു. കഴിഞ്ഞ മേയിലാണ് 20 വർഷത്തെ തടവിന് റിയാദ് കോടതി ശിക്ഷിച്ചത്. സ്‌പോൺസറുടെ ചലനശേഷി നഷ്ടപ്പെട്ട മകൻ അനസ് അൽ ശഹ്റി മരിച്ച സംഭവത്തിൽ കുറ്റാരോപിതനായി 2006ലാണ് റഹീം ജയിലിലായത്. വർഷങ്ങളുടെ നിയമപോരാട്ടങ്ങൾക്കൊടുവിൽ ഒന്നരക്കോടി റിയാൽ (34കോടി രൂപ) ദയാധനം സ്വീകരിച്ച് റഹീമിനെ മോചിപ്പിക്കാമെന്ന് ശഹ്റിയുടെ കുടുംബം കോടതിയെ അറിയിക്കുകയായിരുന്നു. കേരളമാകെ ചേർന്നു സമാഹരിച്ച 34 കോടി കൈമാറിയതോടെ റഹീമിന്റെ വധശിക്ഷ 2024 ജൂൺ രണ്ടിന് റിയാദ് കോടതി റദ്ദാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |