
കോതമംഗലം: ഉല്ലാസയാത്രയ്‌ക്കെത്തിയ മൂന്ന് ബി.ഡി.എസ് വിദ്യാർത്ഥികൾ വടാട്ടുപാറ പലവൻ പുഴയിൽ മുങ്ങിമരിച്ചു. തിരുവനന്തപുരം പൂവാർ പൊറ്റയിൽ വിഷ്ണുഭവനിൽ വിജയകുമാറിന്റെ മകൻ വി.ബി. ഹരീഷ് (20), കോട്ടയം കൊടുങ്ങൂർ ചാമംപതാൽ പുതുപറമ്പിൽ പി.ടി. ശാലിനിയുടെ മകൻ അതുൽ രാജ് (20), കോട്ടയം ചങ്ങനാശേരി മടുക്കുംമൂട് ഐ.ഇ നഗർ പ്ലാമൂട്ടിൽ ബിജുമോൻ സെബാസ്റ്റ്യന്റെ മകൻ ബിയോൺ ബിജു (21) എന്നിവരാണ് മരിച്ചത്.
തങ്കളം മാർ ബസേലിയോസ് ഡെന്റൽ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികളായ ഒമ്പതംഗ സംഘമാണ് കോളേജ് ഹോസ്റ്റലിൽ നിന്ന് ബൈക്കുകളിൽ വടാട്ടുപാറയ്ക്ക് പുറപ്പെട്ടത്. കോളേജിന് 20 കിലോമീറ്റർ അകലെയുള്ള വനപ്രദേശമായ വടാട്ടുപാറയിലെ പലവൻ പുഴയ്‌ക്കരികിൽ വെള്ളത്തിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് ബോർഡുകളും രണ്ട് കമ്പിവേലികളും ഉണ്ടായിരുന്നു. ഇത് മറികടന്നാണ് സംഘം ഒന്നരയ്‌ക്ക് കുളിക്കാനിറങ്ങിയത്. ഇടമലയാർ പവർ ഹൗസിൽ നിന്ന് വൈദ്യുതി ഉത്പാദനത്തിന് ശേഷം വെള്ളം ഒഴുകുന്ന പുഴയാണിത്.
ബിയോണാണ് ആദ്യം ഒഴുക്കിൽപ്പെട്ടത്. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അതുൽരാജും ഹരീഷും ഒഴുകിപ്പോയി. മൂന്നുപേർക്കും നീന്തൽ വശമില്ലാതിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ നിലവിളി കേട്ടെത്തിയ സമീപവാസികൾക്കും രക്ഷിക്കാനായില്ല.
കോതമംഗലം ഫയർഫോഴ്‌സും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത്. പവർഹൗസിന്റെ പ്രവർത്തനം നിറുത്തി ജലനിരപ്പ് കുറച്ചശേഷമായിരുന്നു തെരച്ചിലിൽ. ഒഴുക്കിൽപ്പെട്ടതിന് സമീപത്തു നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ കോതമംഗലം മാർ ബസേലിയോസ് ആശുപത്രി മോർച്ചറിയിൽ.
കുട്ടമ്പുഴ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം കോളേജിൽ പൊതുദർശനം കഴിഞ്ഞ് നാടുകളിലേക്ക് കൊണ്ടുപോകും. നിർദ്ധനകുടുംബാംഗമായ അതുൽ രാജിന്റെ പിതാവ് വെങ്കിടേഷ് രാജ്. അബിൻ രാജ്, അജയ് രാജ് എന്നിവർ സഹോദരങ്ങളാണ്. വാടകവീട്ടിലാണ് താമസം. മാതാവ് വീട്ടുജോലികൾ ചെയ്താണ് കുട്ടികളെ പഠിപ്പിക്കുന്നത്. ഡാലിയയാണ് ബിയോൺ ബിജുവിന്റെ മാതാവ്. സഹോദരങ്ങൾ: ഡിയോണ, ഫിയോണ. മാതാപിതാക്കളും സഹോദരങ്ങളും യു.കെയിലാണ്. ബിന്ദുവാണ് ഹരീഷിന്റെ മാതാവ്. ഏക സഹോദരൻ വിഷ്ണു സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |