SignIn
Kerala Kaumudi Online
Friday, 15 May 2026 10.53 PM IST

ഇതുവരെ അനുഭവിച്ചതൊന്നും ചൂടേ അല്ല, അടുത്തവർഷം കാത്തിരിക്കുന്നത് ഇതിലും വലുത്; മഴ പേരിനുമാത്രം, വീടിനുപുറത്തിറങ്ങിയാൽ പൊള്ളലേൽക്കും

hot-climate

തിരുവനന്തപുരം: സഹിക്കാവുന്നതിനും അപ്പുറമായ ചൂടാണ് ഈവർഷം കേരളീയർ അനുഭവിച്ചത്. പലയിടങ്ങളിലും നാൽപ്പതുഡിഗ്രിക്ക് മുകളിൽപ്പോയി ചൂട്. സൂര്യാതപം ഏറ്റ് ചിലർക്ക് ജീവൻ നഷ്ടമായപ്പോൾ മറ്റുചിലർക്ക് ഗുരുതരമായി പൊളളലേറ്റു. ഇപ്പോൾ ഇത്രയുമാണെങ്കിൽ അടുത്തവർഷം ഇതിനെക്കാൾ ചൂടുകൂടിയ ദിവസങ്ങളാണ് കേരളത്തെ കാത്തിരിക്കുന്നതെന്നാണ് മുന്നറിയിപ്പ്. എൽ നിനോ പ്രതിഭാസം (പസഫിക് സമുദ്രത്തിന്റെ ഉഷ്ണമേഖലാ പ്രദേശത്ത് സമുദ്രാേപരിതലം അസാധാരണമായി ചൂടു പിടിക്കുന്നത്) എത്തുന്നതോടെയാണ് ഇതുവരെ അനുഭവിക്കാത്ത ചൂട് കേരളീയരെ പൊള്ളിക്കാൻപോകുന്നത്.

ചൂട് കൂടുക മാത്രമല്ല മഴ തീരെ ദുർബലമാവുകയും ചെയ്യും. ലോകത്തുതന്നെ ചൂടുകൂടുന്ന പ്രവണത ഏറ്റവുമധികം കാണുന്നത് അറബിക്കടലിൽ ആയതിനാലാണ് കേരളത്തെ എൽ നിനോ കൂടുതലായി ബാധിക്കുന്നതെന്നാണ് സമുദ്ര കാലാവസ്ഥാ പഠന വിദഗ്ദ്ധർ പറയുന്നത്. ഈ വർഷം നവംബർ- ഡിസംബർ ആകുമ്പോൾ പെറുവിൽ എൽ നിനോ രൂപപ്പെടും. ഇതിന്റെ ആഘാതം അടുത്ത ഏപ്രിൽ-മേയ് ആകുമ്പോഴായിരിക്കും കേരളത്തിൽ അനുഭവപ്പെടുക. കൊങ്കൺ തീരമേഖലയിലും കടലിലും എൽനിനോ പ്രത്യാഘാതം രൂക്ഷമായി അനുഭവപ്പെടുമെന്നാണ് റിപ്പോർട്ട്.

എൽ നിനോ പ്രതിഭാസം ഇന്ത്യയിൽ കഠിനമായ വേനലിനും ദുർബലമായ കാലവർഷത്തിനും കാരണമാകുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. നിലവിൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ താപനില കുഴപ്പമില്ലാത്ത രീതിയിലാണെങ്കിലും അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും താപനില ഇതിനകം തന്നെ ഉയർന്നു തുടങ്ങിയിട്ടുണ്ട്. മദ്ധ്യ ഏഷ്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.


താപനില കൂടുന്നത് മനുഷ്യർക്ക് മാത്രമല്ല മീനുകൾക്കും പ്രശ്നമാണ്. സമുദ്രോപരിതല താപനില കൂടുന്നത് ഉപരിതല മത്സ്യങ്ങളായ മത്തി, അയല തുടങ്ങിവയുടെ ലഭ്യതയെ പ്രതികൂലമായി ബാധിക്കും ഇതിനൊപ്പം തീരക്കടലിന്റെ അടിത്തട്ടിനോടു ചേർന്നു കാണപ്പെടുന്ന കിളിമീൻ പോലെയുള്ളവയുടെ ലഭ്യതയെയും ബാധിക്കും. ഇത് മത്സ്യത്തൊഴിലാളികളുടെ വരുമാനം ഇല്ലാതാക്കും എന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. വെള്ളം കുറയുന്നത് കൃഷിയെയും പ്രതികൂലമായി ബാധിച്ചേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SUPER EL NINO, MANSOON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA