SignIn
Kerala Kaumudi Online
Friday, 15 May 2026 10.51 PM IST

എന്നുവരും കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം? തീരുമാനം ചേരിതിരിഞ്ഞുള്ള പോര് അടങ്ങിയ ശേഷം മാത്രമെന്ന് സൂചന

cm-post

ന്യൂഡൽഹി: കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ആഴ്‌ച ഒന്നായിട്ടും ഉത്തരമാകുന്നില്ല. ഇക്കാര്യത്തിൽ ഇതുവരെ സോണിയ ഗാന്ധി ഇടപെട്ടിട്ടില്ല എന്നാണ് വിവരം. ശനിയാഴ്‌ച മണിക്കൂറുകൾ നീണ്ട ചർച്ചയ്‌ക്ക് ശേഷം വി ഡി സതീശനും രമേശ് ചെന്നിത്തലയും മടങ്ങിയിരുന്നു. ഇക്കാര്യത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും സോണിയാഗാന്ധിയും തമ്മിൽ ഇതുവരെ ചർച്ച നടത്തിയിട്ടില്ല.

രാഹുൽ ഗാന്ധിയും ഖാർഗെയും മുഖ്യമന്ത്രി കാര്യം സോണിയയുമായി ചർച്ച നടത്തും. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് ചർച്ച നടന്നില്ല. തമിഴ്‌നാട് സർക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്കായി രാഹുൽ ചെന്നൈയിലേക്ക് പോയി. കർണാടക മന്ത്രിയുടെ നിര്യാണത്തെ തുടർന്ന് ഖാർഗെ ബംഗളൂരുവിലുമായിരുന്നു. കേരളത്തിൽ ചേരിതിരിഞ്ഞ് നേതാക്കൾക്കായുള്ള പോര് അടങ്ങിയശേഷം മാത്രം തീരുമാനം എന്നാണ് ഹൈക്കമാൻഡ് നിശ്ചയിച്ചിരിക്കുന്നത്. ഖാർഗെ കർണാടകയിൽ നിന്ന് മടങ്ങിയെത്തിയ ശേഷമാകും ചർച്ചയും പ്രഖ്യാപനവും.

സംസ്ഥാനത്ത് അച്ചടക്ക ലംഘനത്തിന്റെ അന്തരീക്ഷം ഇനിയുമുണ്ടാകുമോ എന്ന് ഹൈക്കമാൻഡ് നിരീക്ഷിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമായി മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ഒത്തുതീർപ്പ് നിർദ്ദേശം മല്ലികാർജ്ജുൻ ഖാർഗെ മുന്നോട്ടു വച്ചതായി സൂചനകൾ പുറത്തുവന്നിരുന്നു. സീനിയോറിറ്റി പരിഗണിച്ച് ആദ്യത്തെ രണ്ടരവർഷം ചെന്നിത്തലയ്ക്കും, തുടർന്നുള്ള രണ്ടരവർഷം സതീശനും നൽകണമെന്നാണ് നിർദ്ദേശമെന്നാണറിയുന്നത്. തർക്കം ഒഴിവാക്കുന്നതിനുള്ള ഫോർമുലയാണിത്.


അതേസമയം, ഭൂരിപക്ഷം കോൺഗ്രസ് എം.എൽ.എമാരുടെ പിന്തുണയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ഒഴിവാക്കുന്നത് ഉചിതമാവില്ലെന്ന നിലപാടിലാണ് രാഹുൽ ഗാന്ധിയെന്നാണ് അറിയുന്നത്. ഖാർഗെയുടെ നിർദ്ദേശത്തോട് രാഹുൽ യോജിക്കുമോ എന്നതിനെയും, മൂവരും ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നതിനെയും ആശ്രയിച്ചിരിക്കും അന്തിമ തീരുമാനം. ഇത് കൂളിംഗ് പിരീഡാണെന്നാണ് കെസി പക്ഷത്തിന്റെ അഭിപ്രായം. തർക്കം ഒഴിവാക്കാനുള്ള ഫോർമുലയെ കുറിച്ച് അറിവില്ലെന്നാണ് സതീശൻ, ചെന്നിത്തല പക്ഷങ്ങൾ അറിയിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CM POST, KERALAM, HIGHCOMMAND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA