SignIn
Kerala Kaumudi Online
Saturday, 16 May 2026 3.49 AM IST

ഇനിയും ഭായിമാര്‍ മടങ്ങിയെത്തിയില്ലെങ്കില്‍ പണി കിട്ടും; മലയാളിയെ ബാധിക്കുക ഇങ്ങനെ

migrant-workers


കോലഞ്ചേരി: എസ്.ഐ.ആര്‍ നടപടികളുമായി ബന്ധപ്പെട്ട ഭീതിയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിപ്പോയ അന്യ സംസ്ഥാന തൊഴിലാളികള്‍ തിരിച്ചെത്തുന്നത് വൈകുന്നതോടെ സമസ്ത തൊഴില്‍ മേഖലകളും കടുത്ത പ്രതിസന്ധിയില്‍. നിര്‍മ്മാണം മുതല്‍ ഹോട്ടല്‍, പ്ലൈവുഡ് കമ്പനി, കൃഷി, ഗൃഹശുചീകരണ ജോലികള്‍ വരെ തൊഴിലാളി ക്ഷാമം മൂലം താറുമാറായിരിക്കുകയാണ്.തിരിച്ചെത്തിയ തൊഴിലാളികള്‍ അമിത കൂലി ആവശ്യപ്പെടുന്നതും തൊഴിലുടമകള്‍ക്ക് തിരിച്ചടിയായി. ദിവസവേതനമയി 1000 രൂപ ആവശ്യപ്പെടുന്നതോടെ ചെറുകിട വ്യാപാരികളും സാധാരണ കുടുംബങ്ങളും കടുത്ത ബുദ്ധിമുട്ടിലാണ്.


നിര്‍മ്മാണ മേഖല പാതിവഴിയില്‍

മേഖലയിലെ നിരവധി വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തൊഴിലാളികളെ കിട്ടാത്തതിനാല്‍ മുടങ്ങിയ നിലയിലാണ്. ദിവസേന പൂര്‍ത്തിയാക്കേണ്ട ജോലികള്‍ ആഴ്ചകളായി നീളുന്നതോടെ നിര്‍മ്മാണ ചെലവും കുത്തനെ ഉയര്‍ന്നു. ചില സ്ഥലങ്ങളില്‍ തൊഴിലാളികള്‍ക്ക് വേണ്ടി കരാറുകാര്‍ തമ്മില്‍ മത്സരമാണ്.


മഴക്കാല ശുചീകരണം പ്രതിസന്ധിയില്‍

കനത്ത മഴയ്ക്ക് മുമ്പ് പൂര്‍ത്തിയാക്കേണ്ട വീടുകളുടെയും സ്ഥാപനങ്ങളുടെയും മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളും അവതാളത്തിലായി. പറമ്പ് വെട്ടിത്തെളിക്കല്‍, ഓട ശുചീകരണം, മരംമുറി, മേല്‍ക്കൂര അറ്റകുറ്റപ്പണി തുടങ്ങിയ ജോലികള്‍ക്ക് ആളെ കിട്ടാത്ത അവസ്ഥയാണ്. ലഭിക്കുന്ന തൊഴിലാളികള്‍ അമിത കൂലി ആവശ്യപ്പെടുന്നതായും നാട്ടുകാര്‍ പറയുന്നു.


ഹോട്ടല്‍ മേഖലയില്‍ തിരിച്ചടി

നിരവധി ചെറിയ ഹോട്ടലുകളും ഭക്ഷണശാലകളും തൊഴിലാളി ക്ഷാമം മൂലം പ്രവര്‍ത്തനം നിറുത്തിയ നിലയിലാണ്. നേരത്തെ അടച്ചുപൂട്ടിയ ചില ഹോട്ടലുകള്‍ വീണ്ടും തുറക്കാനാകാതെ ഉടമകള്‍ പ്രതിസന്ധിയിലാണ്. പാചക തൊഴിലാളികളെയും സര്‍വീസ് ജീവനക്കാരെയും കണ്ടെത്താന്‍ കഴിയാത്തതാണ് പ്രധാന വെല്ലുവിളി.


ഉത്പാദനം കുറച്ച് പ്ലൈവുഡ് കമ്പനികള്‍

പ്ലൈവുഡ് കമ്പനികളിലും തൊഴിലാളി ക്ഷാമം രൂക്ഷമാണ്. നിരവധി യൂണിറ്റുകള്‍ ഷിഫ്റ്റുകള്‍ കുറച്ചും ചിലത് താത്കാലികമായി പ്രവര്‍ത്തനം നിയന്ത്രിച്ചും മുന്നോട്ടുപോകുകയാണ്. ഉത്പാദന കുറവ് വ്യാപാര മേഖലയേയും ബാധിച്ചു തുടങ്ങി.


കൂലി കുതിച്ചുയര്‍ന്നു

തൊഴിലാളികളുടെ എണ്ണക്കുറവ് മൂലം ദിവസവേതനം വന്‍ തോതില്‍ ഉയര്‍ന്നു. സാധാരണ കുടുംബങ്ങള്‍ക്ക് ചെറിയ ജോലികള്‍ പോലും ചെയ്യിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. ''ആളില്ല, ഉള്ളവര്‍ പറയുന്ന കൂലി കൊടുക്കാനും കഴിയുന്നില്ല'' എന്നതാണ് പലരുടെയും പരാതി.


വ്യാപാര മേഖല ആശങ്കയില്‍

അന്യസംസ്ഥാന തൊഴിലാളികള്‍ ഉടന്‍ തിരിച്ചെത്തിയില്ലെങ്കില്‍ നിര്‍മ്മാണ വ്യാപാര മേഖലകള്‍ക്ക് വലിയ സാമ്പത്തിക ആഘാതമുണ്ടാകുമെന്നാണ് വ്യാപാരി സംഘടനകളുടെ മുന്നറിയിപ്പ്. ചെറുകിട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയതായും മേഖലയില്‍ ആശങ്ക ശക്തമാണെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MIGRANT WORKERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA