ആലപ്പുഴ: കാലവർഷം ശക്തമാകാനിരിക്കെ നഗരത്തിലെ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാൻ കർശന നിർദ്ദേശവുമായി ആലപ്പുഴ നഗരസഭ. സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായി നിൽക്കുന്ന മരങ്ങൾ ഉടമകൾ തന്നെ വെട്ടി മാറ്റണമെന്നാണ് നിർദ്ദേശം. പിന്നീട് ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഉടമകൾ തന്നെ ഉത്തരവാദികളായിരിക്കുമെന്നും നഗരസഭ വ്യക്തമാക്കി. കഴിഞ്ഞ വർഷങ്ങളിൽ അയൽവാസികളുടെ വീട്ടുളപ്പിൽ നിന്ന മരങ്ങൾ കടപുഴകി വീണ് നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിരുന്നു. ഇത് ഇത്തവണ ആവർത്തിക്കാതിരിക്കാനാണ് നടപടി ശക്തമാക്കിയത്.
അപകടാവസ്ഥയിലുള്ള മരം വെട്ടാൻ ഉടമ തയ്യാറായില്ലെങ്കിൽ അയൽവാസിക്ക് തദ്ദേശ സ്ഥാപനങ്ങൾ വഴി പരാതി നൽകാം. തുടർന്ന് തദ്ദേശ സ്ഥാപനം ഉടമയ്ക്ക് നോട്ടീസ് നൽകും. നോട്ടീസ് നൽകിയാൽ അടിയന്തരമായി ഇവർ മരങ്ങൾ മുറിച്ചു മാറ്റേണ്ടി വരും. വേനൽ മഴ ആരംഭിച്ച ഏപ്രിൽ മാസത്തിൽ നഗരത്തിൽ നിരവധി മരങ്ങൾ വീണുള്ള അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ വർഷം നെഹ്രുട്രോഫി, പള്ളാത്തുരുത്തി, വിവിധ വാർഡുകളിൽ വൻ മരങ്ങളാണ് കടപുഴകിയത് ജീവനും സ്വത്തിനും ഭീഷണിയായ സാഹചര്യത്തിലാണ് നഗരസഭയുടെ ഉത്തരവ്. കഴിഞ്ഞ മേയ് മാസത്തിൽ മാത്രം കെ.എസ്.ഇ.ബിക്ക് 5.13 കോടിയുടെ നഷ്ടമാണ് കെ.എസ്.ഇ.ബിക്ക് ഉണ്ടായത് എല്ലാ വർഷവും ദുരന്ത നിവാരണ അതോറിട്ടിയും അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാൻ നിർദ്ദേശം നൽകാറുണ്ട്.
കഴിഞ്ഞ മേയിലെ കെ.എസ്.ഇ.ബിയുടെ നഷ്ടം 5.13 കോടി
മരങ്ങൾ വൈദ്യുത ലൈനിലേക്ക് വീഴുന്നതുമൂലം വൈദ്യുത തടസം പതിവാണ്
മരങ്ങൾ വീഴുന്നതുമൂലം ഗതാഗത തടസവും രൂക്ഷമാണ്
അപകടകരമായ മരങ്ങൾ മുറിച്ചുമാറ്രുന്നതിന് എല്ലാ കൗൺസിലർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സാമൂഹ്യ മാദ്ധ്യമങ്ങൾ വഴിയും നിർദ്ദേശങ്ങൾ എത്തിക്കും
എ.എം. നൗഫൽ
ചെയർമാൻ
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |