കിഴക്കമ്പലം: ഏതുനിമിഷവും നിലംപൊത്താവുന്നവിധം ചിതലെടുത്തും ഉണങ്ങിയും നിൽക്കുന്ന വൻമരങ്ങൾ പട്ടിമറ്റം - മൂവാറ്റുപുഴ റോഡിൽ അപകടഭീഷണി ഉയർത്തുന്നു. മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ പ്രദേശവാസികളും യാത്രക്കാരും ആശങ്കയിലാണ്. എത്രയുംവേഗം മരങ്ങൾ മുറിച്ചുമാറ്റി സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം.
കഴിഞ്ഞദിവസം ശക്തമായ മഴയ്ക്കും കാറ്റിനുമിടെ മൂവാറ്റുപുഴ റോഡിൽ വൻമാവിന്റെ കൊമ്പ് ഒടിഞ്ഞുവീണു. അതുവഴി നടന്നുപോയ സ്ത്രീ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടം നടന്നതോടെ പ്രദേശത്ത് വലിയ ആശങ്ക പടർന്നു.
സംഭവത്തെ തുടർന്ന് പട്ടിമറ്റം അഗ്നിശമനസേന അപകടാവസ്ഥയിലായ കൊമ്പുകൾ മുറിച്ചുമാറ്റി. എന്നാൽ മേഖലയിൽ ഇനിയും നിരവധി മരങ്ങൾ അപകടാവസ്ഥയിൽ തുടരുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
മരങ്ങൾ മുറിച്ചുമാറ്റുന്നതിനായി പൊതുമരാമത്ത് വകുപ്പ് രണ്ടുതവണ ടെൻഡർ ക്ഷണിച്ചെങ്കിലും ആരും മുന്നോട്ടുവന്നില്ല. വനംവകുപ്പ് നിശ്ചയിച്ച അടിസ്ഥാനവില കൂടുതലായതാണ് കച്ചവടക്കാർ പിന്മാറാൻ കാരണമായത്.
മരങ്ങളുടെ വില പുനർനിർണയത്തിനായി നൽകിയിട്ടുണ്ടെന്നും ഉടൻ വീണ്ടും ടെൻഡർ നടപടികൾ ആരംഭിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു. കിഫ്ബി റോഡ് നവീകരണം നടക്കുന്ന മേഖലകളിലെ 46 മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
ഞാറള്ളൂർ മില്ലുംപടിയിലും ഭീഷണി
ഞാറള്ളൂർ മില്ലുംപടി ജംഗ്ഷനിൽ റോഡരികിൽ നിൽക്കുന്ന മൂന്ന് വൻമരങ്ങളും ഉണങ്ങിയ നിലയിലാണ്. ഒരു മരത്തിന്റെ മുകൾഭാഗം നേരത്തെതന്നെ ഒടിഞ്ഞുവീണിട്ടുണ്ട്. ബാക്കിയുള്ള രണ്ടുമരങ്ങളിലെ ഉണങ്ങിയ ശിഖരങ്ങൾ ഏതുനിമിഷവും താഴേക്ക് പതിക്കാമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
സ്കൂൾ കുട്ടികൾ പോകുന്ന വഴിയിൽ ഭീഷണി
ബെത്‌ലഹേം സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ദിവസേന സഞ്ചരിക്കുന്ന റോഡാണിത്. മലയോര മേഖലയിലേക്ക് പോകുന്ന പ്രധാന സംസ്ഥാനപാതയായതിനാൽ രാവും പകലും വാഹനഗതാഗതവും കൂടുതലാണ്. അപകടാവസ്ഥയിലുള്ള മരങ്ങൾ യാത്രക്കാരുടെ ജീവന് വൻ ഭീഷണിയാണ്.
റോഡ് നവീകരണത്തിനിടെയും അപകടാവസ്ഥ
കിഫ്ബി പദ്ധതിയുടെ ഭാഗമായി കിഴക്കമ്പലം - നെല്ലാട് റോഡിൽ ബി.എം, ബി.സി ടാറിംഗ് ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോഴും അപകടാവസ്ഥയിലുള്ള മരങ്ങൾ നീക്കം ചെയ്യാത്തത് പ്രതിഷേധത്തിന് ഇടയാക്കി. റോഡ് വികസനം നടക്കുമ്പോൾ തന്നെ സുരക്ഷാ നടപടികളും വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |