
കരിമണ്ണൂർ: മുളപ്പുറം തേങ്കോടം ഭാഗത്ത് വെള്ളിയാഴ്ച രാത്രിയിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പ്രദേശത്തെ കർഷകനായ വാഴയിൽ വിജയന്റെ പുരയിടത്തിലെ തെങ്ങ്, വാഴ ഉൾപ്പെടെയുള്ള കൃഷികളാണ് കാട്ടാനകൾ നശിപ്പിച്ചത്. ഇടുക്കി വനത്തിന്റെ ഭാഗമായ വേളൂർ വനമേഖലയിൽ നിന്നാണ് ആനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത്. കരിമണ്ണൂരിനും തൊമ്മൻകുത്തിനും ഇടയിലുള്ള ഭാഗത്താണ് കഴിഞ്ഞദിവസം കാട്ടാനയെത്തിയത്. തേക്കിൻകൂപ്പിലൂടെ കണ്ണാടിപ്പുഴ കടന്നാൽ ഇവയ്ക്ക് കാളിയാർ എസ്റ്റേറ്റ് ഭാഗത്തേക്കും വണ്ണപ്പുറം ഭാഗത്തേക്കും എളുപ്പത്തിൽ നീങ്ങാനാകും. മുളപ്പുറത്തു നിന്ന് പ്രധാന റോഡു വഴി സഞ്ചരിച്ചാൽ ആനകൾക്ക് കരിമണ്ണൂർ ടൗണിൽ പോലുമെത്താവുന്ന സ്ഥിതിയാണുള്ളത്.
മുളപ്പുറം, അമയപ്ര, തേങ്കോടം ഭാഗങ്ങളിൽ കുറച്ചുനാൾ മുമ്പും കാട്ടാനക്കൂട്ടമെത്തി വൻതോതിൽ കൃഷി നശിപ്പിച്ചിരുന്നു. ഇടയ്ക്ക് ശല്യം അൽപ്പം കുറഞ്ഞിരുന്നെങ്കിലും കഴിഞ്ഞ രണ്ടു ദിവസമായി കാട്ടാനകൾ വീണ്ടും ഈ പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്. കാട്ടാനയ്ക്ക് പുറമെ കാട്ടുപന്നി, വന്യപാമ്പുകൾ, കുരങ്ങുകൾ, മുള്ളൻപന്നി എന്നിവയുടെ ശല്യം കാരണവും കൃഷി ചെയ്യാൻ കഴിയാതെ കർഷകർ കടുത്ത ബുദ്ധിമുട്ടിലാണ്. പതിവായ കാട്ടാനശല്യം തടയാൻ സൗരവേലി ഉൾപ്പെടെയുള്ള ശാശ്വത സംരക്ഷണമാർഗ്ഗങ്ങൾ മുളപ്പുറം, തേങ്കോടം, നാല്പതേക്കർ ഭാഗങ്ങളിൽ അടിയന്തരമായി സ്ഥാപിക്കണമെന്ന് കർഷകരും നാട്ടുകാരും ആവശ്യപ്പെടുന്നു.
തെരുവ് വിളക്കില്ല,
റോഡരികിൽ കാട്
തൊമ്മൻകുത്ത്- കരിമണ്ണൂർ റൂട്ടിൽ മുളപ്പുറം വരെയുള്ള ഭാഗങ്ങളിൽ റോഡിന്റെ ഇരുവശങ്ങളിലും വള്ളിടർപ്പുകൾ നിറഞ്ഞു കിടക്കുകയാണ്. ഈ മേഖലയിൽ തെരുവ് വിളക്കുകൾ പോലുമില്ലാത്തതിനാൽ രാത്രികാലങ്ങളിൽ വന്യമൃഗങ്ങൾ റോഡരികിൽ നിന്നാൽ പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണെന്ന് പ്രദേശവാസികൾ പറയുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പകൽ ഇവിടെ കാട്ടുപോത്ത് ഇറങ്ങിയിരുന്നു. റോഡരികിലെ കാട്ടുപടർപ്പുകൾ വെട്ടിത്തെളിച്ച് വൃത്തിയാക്കുമെന്ന് കോതമംഗലം ഡി.എഫ്.ഒ അറിയിച്ചിരുന്നെങ്കിലും ഫണ്ടില്ലെന്ന ന്യായമാണ് വനംവകുപ്പ് ജീവനക്കാർ പറയുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. തൊമ്മൻകുത്ത് ചപ്പാത്ത് മുതൽ മുളപ്പുറം വനംവകുപ്പ് ക്വാർട്ടേഴ്സ് വരെയുള്ള മേഖലയിൽ പോലും കാട് മൂടിക്കിടക്കുകയാണ്. നിരവധി സ്‌കൂൾ കുട്ടികളും കാൽനടയാത്രക്കാരും സഞ്ചരിക്കുന്ന ഈ റൂട്ടിലെ കാട്ടുപടർപ്പുകൾ അടിയന്തരമായി നീക്കി ജനങ്ങളുടെ ഭീതി അകറ്റണമെന്നാണ് ഉയരുന്ന ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |