SignIn
Kerala Kaumudi Online
Thursday, 21 May 2026 2.39 AM IST

മുംബയെ വീഴ്ത്തി കൊല്‍ക്കത്ത; പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി മുന്‍ ചാമ്പ്യന്‍മാര്‍

kkr-won

കൊല്‍ക്കത്ത: മുംബയ് ഇന്ത്യന്‍സിനെ നാല് വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ച് പ്ലേഓഫിലേക്കുള്ള സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. മുംബയ് ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടക്കുകയായിരുന്നു. ജയത്തോടെ 13 മത്സരങ്ങളില്‍ നിന്ന് 13 പോയിന്റുള്ള കെകെആറിന് അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിക്കണം. അങ്ങനെ സംഭവിക്കുകയും തങ്ങളുടെ അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മുംബയോട് തോല്‍ക്കുകയും ചെയ്താല്‍ കൊല്‍ക്കത്ത പ്ലേഓഫിലെത്തും.

വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് ആദ്യ ഓവറില്‍ തന്നെ ഫിന്‍ അലനെ 8(5) നഷ്ടമായി. ക്യാപ്റ്റന്‍ അജിങ്ക്യ റഹാനെ 21(17), കാമറൂണ്‍ ഗ്രീന്‍ 4(8) എന്നിവര്‍ കൂടി പുറത്തായപ്പോള്‍ 7.1 ഓവറില്‍ 54ന് മൂന്ന് എന്ന നിലയിലായിരുന്നു. എന്നാല്‍ നാലാം വിക്കറ്റില്‍ മനീഷ് പാണ്ഡെ 45(33), റോവ്മാന്‍ പവല്‍ 40(30) സഖ്യം ഇന്നിംഗ്‌സിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ മത്സരം മുംബയില്‍ നിന്ന് തെന്നി മാറി. ഇടക്ക് ക്യാച്ചുകള്‍ കൈവിട്ട് മുംബയ് ഫീല്‍ഡര്‍മാരുടെ സഹായം കൂടി ലഭിച്ചപ്പോള്‍ കൊല്‍ക്കത്തയ്ക്ക് കാര്യങ്ങള്‍ എളുപ്പമായി. ജയം 30 റണ്‍സ് അകലെ നില്‍ക്കെയാണ് പാണ്ഡെ പുറത്തായത്.

തേജസ്വി ദഹിയ 11(12) റണ്‍സ് നേടി പുറത്തായി. റിങ്കു സിംഗ് 9*(5), അനുകൂല്‍ റോയ് 4*(4) എന്നിവര്‍ പുറത്താകാതെ നിന്നു. മുംബയ്ക്കായി കോര്‍ബിന്‍ ബോഷ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ദീപക് ചഹാര്‍, ജസ്പ്രീത് ബുംറ, ഗസന്‍ഫാര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.

ആദ്യം ബാറ്റ് ചെയ്ത മുംബയ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് നേടി. എട്ടാമനായി ക്രീസിലെത്തിയ കോര്‍ബിന്‍ ബോഷ് ആണ് ടോപ് സ്‌കോറര്‍. 18 പന്തുകള്‍ നേരിട്ട താരം 32 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മൂന്ന് ബൗണ്ടറികളും രണ്ട് സിക്സറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.ബാറ്റിംഗ് ആരംഭിച്ച മുംബയ് ഇന്ത്യന്‍സിന്റെ തുടക്കം മോശമായിരുന്നു. ഓപ്പണര്‍മാരായ റയാന്‍ റിക്കിള്‍ടണ്‍ 6(7), രോഹിത് ശര്‍മ്മ 15(13), മൂന്നാമനായി ക്രീസിലെത്തിയ നമന്‍ ധീര്‍ 0(3) എന്നിവര്‍ തിളങ്ങിയില്ല.

സൂര്യകുമാര്‍ യാദവ് 15(6) റണ്‍സെടുത്ത് നാലാമനായി പുറത്തായി. തിലക് വര്‍മ്മ 20(32), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 26(27) എന്നിവര്‍ അല്‍പ്പനേരം പിടിച്ചുനിന്നെങ്കിലും റണ്‍സ് കണ്ടെത്താന്‍ നന്നായി ബുദ്ധിമുട്ടി. വില്‍ ജാക്സ് 14(7), ദീപക് ചഹാര്‍ 10(7) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി സൗരബ് ദൂബെ, കാമറൂണ്‍ ഗ്രീന്‍, കാര്‍ത്തിക് ത്യാഗി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ സുനില്‍ നരെയ്ന്‍ ഒരു വിക്കറ്റ് വീഴ്ത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, KKR, MI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360