SignIn
Kerala Kaumudi Online
Thursday, 14 May 2026 5.50 PM IST

'അഞ്ച് മിനിട്ട് വൈകിയിരുന്നെങ്കിൽ വലിയ ദുരന്തം സംഭവിച്ചേനെ, ഇരുട്ടിന്റെ മറവിൽ അക്രമം നടത്തുന്നത് മാഫിയാ രീതി'

krishnan-purushothaman

കണ്ണൂർ: പയ്യന്നൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചതിന്റെ പേരിൽ ടി പുരുഷോത്തമന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം വ്യാപിക്കുന്നു. കഴിഞ്ഞ രാത്രിയിൽ നടന്ന സംഭവത്തിൽ അദ്ദേഹത്തിന്റെ കാർ തീയിട്ട് നശിപ്പിക്കുകയും വീടിന്റെ ജനൽ ചില്ലുകൾ തകർക്കുകയും ചെയ്തിരുന്നു. വീടിനുള്ളിൽ അതിക്രമിച്ചു കയറിയാണ് അക്രമികൾ കല്ലേറ് നടത്തിയതെന്ന് ടി പുരുഷോത്തമൻ പറഞ്ഞു.


'ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ രണ്ടു മൂന്ന് പേർ ഓടിപ്പോകുന്നത് കണ്ടു. അഞ്ച് മിനിട്ട് കൂടി വൈകിയിരുന്നെങ്കിൽ കാർ പൊട്ടിത്തെറിച്ച് വലിയ ദുരന്തം സംഭവിക്കുമായിരുന്നു. ജീവൻ അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അവർ എത്തിയത്.'- പുരുഷോത്തമൻ പറഞ്ഞു.

നിലവിൽ സിപിഎം അംഗമാണെങ്കിലും പയ്യന്നൂരിലെ രാഷ്ട്രീയ മാഫിയാ വൽക്കരണത്തിന് എതിരെയാണ് തന്റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതാണ് തനിക്കെതിരെയുള്ള വിരോധത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു. ഭയപ്പെടുത്തിയും നശിപ്പിച്ചും ആളുകളെ കീഴ്‌പ്പെടുത്തുന്ന ഫാസിസ്റ്റ് രീതിയാണ് ഇപ്പോൾ പയ്യന്നൂരിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, അക്രമം നടന്ന പുരുഷോത്തമന്റെ വീട് സന്ദർശിച്ച കുഞ്ഞികൃഷ്ണൻ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. പയ്യന്നൂരിലെ രാഷ്ട്രീയ മാഫിയാ വൽക്കരണം ശക്തമാകുന്നു എന്ന തന്റെ ആരോപണത്തെ ശരിവയ്ക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്ന് അദ്ദേഹം പറഞ്ഞു.

'തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ ജനവികാരം ടിഐ മധുസൂദനന് എതിരാണെന്ന് മനസിലാക്കിയ സിപിഎം വ്യാപകമായി അക്രമം അഴിച്ചുവിട്ട് ആളുകളെ ഭയപ്പെടുത്തുകയാണ്. ഇരുട്ടിന്റെ മറവിൽ വീടുകൾക്ക് നേരെ അക്രമം നടത്തുന്നത് മാഫിയാ രീതിയാണ്.' - കുഞ്ഞികൃഷ്ണൻ ആരോപിച്ചു.

ഭരണത്തിന്റെ മറവിൽ പൊലീസ് നിഷ്‌ക്രിയമാണെന്നും സംഭവത്തിൽ സത്യസന്ധമായ അന്വേഷണം നടക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പയ്യന്നൂരിലെ വിവിധ ഇടങ്ങളിൽ തിരഞ്ഞെടുപ്പിന് പിന്നാലെ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

Add as a preferred source on Google
TAGS: KUNJIKRISHNAN, CPM, PURUSHOTHAMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA