SignIn
Kerala Kaumudi Online
Saturday, 16 May 2026 1.35 AM IST

ചെന്നിത്തല എന്റെ നേതാവ്: സതീശൻ വീട്ടിൽചെന്ന് കണ്ട് അനുനയ നീക്കം മന്ത്രിസഭാ പ്രവേശം പാർട്ടി തീരുമാനിക്കുമെന്ന് ചെന്നിത്തല

s

തിരുവനന്തപുരം: മുഖ്യമന്ത്രിയാക്കാത്തതിൽ അസംതൃപ്തനായ രമേശ് ചെന്നിത്തലയെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വഴുതക്കാട്ടെ വസതിയിൽ ചെന്നു കണ്ടു. ഗുരുവായൂർ ദർശനം കഴിഞ്ഞ് ഇന്നലെ രാവിലെ തലസ്ഥാനത്തെത്തിയ ചെന്നിത്തലയെ ഉച്ചയോടെയാണ് സതീശൻ സന്ദർശിച്ചത്.
12.30ന് സതീശന്റെ വാഹനവ്യൂഹം എത്തുമ്പോൾ ചെന്നിത്തലയുടെ വീടിന്റെ മുന്നിലും വഴിയിലും നിരവധി കോൺഗ്രസ് നേതാക്കളും പ്രവർത്തകരുണ്ടായിരുന്നു. സതീശനെ വീടിന്റെ വാതിലിനടുത്തേക്ക് വന്ന് സ്വീകരിച്ച് ചെന്നിത്തല അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അരമണിക്കൂറിലേറെ ഇരുവരും സംസാരിച്ചു. നിയുക്ത മുഖ്യമന്ത്രിയായശേഷം പ്രമുഖ നേതാക്കളെ കാണുന്നതിന്റെ ഭാഗമായിരുന്നു സന്ദർശനം.

മന്ത്രിസഭയിൽ ചേരണമെന്ന് സതീശൻ അഭ്യർത്ഥിച്ചതായാണ് സൂചന. ഇരുവരും ഒരുമിച്ച് പുറത്തുവന്ന് മാദ്ധ്യമപ്രവർത്തകരെ കണ്ടു.
'ചെന്നിത്തല എന്റെ നേതാവാണെന്നും ഞാൻ എപ്പോഴും വരുന്ന വീടല്ലേ ഇതെന്നും' പറഞ്ഞായിരുന്നു സതീശൻ സംസാരിച്ച് തുടങ്ങിയത്. 'ഞാൻ പ്രതിപക്ഷ നേതാവായപ്പോൾ ഇവിടെ വന്ന് ഒരു കാറിലാണ് ഞങ്ങൾ നിയമസഭയിലേക്ക് പോയത്. ജ്യേഷ്ഠസഹോദരന് തുല്യനായ ആളാണ്. അദ്ദേഹത്തിന്റെ എല്ലാ അനുഗ്രഹവും ഈ ദൗത്യം ഏറ്റെടുക്കുമ്പോൾ ലഭിക്കുമെന്ന് ഉറപ്പാണ്'- സതീശൻ തുടർന്നു. രമേശ് മന്ത്രിസഭയിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് 'അതൊക്കെ പാർട്ടി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. അദ്ദേഹവുമായി തന്നെ കൂടിയാലോചിച്ച് തീരുമാനമെടുക്കും' എന്നായിരുന്നു മറുപടി.
സതീശൻ മുഖ്യമന്ത്രിയായതിൽ സന്തോഷിക്കുന്നുവെന്ന് ചെന്നിത്തല പ്രതികരിച്ചു. 10 വർഷത്തെ എൽ.ഡി.എഫ് ഭരണത്തിന്റെ ദുരിതത്തിൽനിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള ദൗത്യം ഹൈക്കമാൻഡ് അദ്ദേഹത്തെയാണ് ഏൽപ്പിച്ചിട്ടുള്ളത്. പാർട്ടി പ്രവർത്തകരും ഞങ്ങളെല്ലാപേരുംകൂടി അത് നിറവേറ്റും. മന്ത്രിസഭാ പ്രവേശനം പാർട്ടി തീരുമാനിക്കേണ്ട കാര്യമാണ്-ചെന്നിത്തല പറഞ്ഞു. മന്ത്രിസഭയിൽ ചേരാൻ ഉപാധിയുണ്ടോ എന്ന ചോദ്യത്തിന് 'ഒരു ഉപാധിയുമില്ല, ഞങ്ങൾ തമ്മിൽ എന്ത് ഉപാധി' എന്നായിരുന്നു മറുപടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA