SignIn
Kerala Kaumudi Online
Thursday, 19 February 2026 9.22 AM IST

തിരുവല്ലയിലെ പൂട്ടിപ്പോയ ധനകാര്യ സ്ഥാപനത്തിൽ ഇഡി റെയ്‌ഡ്; പരിശോധന തന്ത്രിയുടെ നിക്ഷേപത്തിലെ സത്യാവസ്ഥ അറിയാൻ

Increase Font Size Decrease Font Size Print Page
ed-raid

കൊല്ലം: തിരുവല്ലയിൽ പൂട്ടിപ്പോയ ധനകാര്യസ്ഥാപനത്തിൽ ഇഡി റെയ്‌ഡ്. കേരള കോൺഗ്രസ്‌ (എം) മുൻ പ്രസിഡന്റും നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമയുമായ എൻ എം രാജുവിന്റെ സ്ഥാപനത്തിലും വീട്ടിലുമാണ് ഇന്നുരാവിലെ മുതൽ റെയ്‌ഡ് ആരംഭിച്ചത്. ശബരിമല മുൻതന്ത്രി കണ്ഠരര് രാജീവരര്‌ പണം നിക്ഷേപിച്ചെന്ന് ശബരിമല പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സംശയിക്കുന്ന സ്ഥാപനമാണിത്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമയായ എൻ എം രാജുവിനെ പൊലീസ് നേരത്തെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.

കണ്ഠരര് രാജീവരര് ഈ സ്ഥാപനത്തിൽ ഏകദേശം രണ്ടരക്കോടി രൂപയോളം നിക്ഷേപിച്ചിട്ടുണ്ടെന്നുള്ള സംശയമാണ് റെയ്‌ഡിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി നടത്തിയ ചോദ്യം ചെയ്യലിലാണ് നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. 152 ശാഖകളുണ്ടായിരുന്ന ഈ സ്ഥാപനം പിന്നീട് പൂട്ടിപ്പോവുകയും നിക്ഷേപകർക്ക് പണം നഷ്‌ടമാവുകയും ചെയ്‌തിരുന്നു. എന്നാൽ, പണം നഷ്‌ടപ്പെട്ട മറ്റ് നിക്ഷേപകർ പരാതിയുമായിപ്പോയിട്ടും തന്ത്രി പരാതി നൽകാത്തതാണ് കൂടുതൽ സംശയത്തിന് ഇടയാക്കിയത്.

നിക്ഷേപ തട്ടിപ്പിലും അതിലൂടെ നടന്ന കള്ളപ്പണ ഇടപാടിലുമാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്. തന്ത്രി നിക്ഷേപിച്ച പണത്തിന്റെ ഉറവിടം, നിക്ഷേപിച്ച രീതി തുടങ്ങിയ കാര്യങ്ങളിൽ വിശദവിവരങ്ങൾ ശേഖരിക്കും. സ്വർണക്കൊള്ളക്കേസുമായി ഈ ഇടപാടുകൾക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്നും ഇഡി പരിശോധിക്കുന്നുണ്ട്.

TAGS: EDRAID, SABARIMALA, GOLDTHEFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY