SignIn
Kerala Kaumudi Online
Monday, 04 May 2026 1.42 AM IST

'പോറ്റിയെക്കുറിച്ച് ചോദിച്ചു, എല്ലാത്തിനും മറുപടി നൽകി'; അടൂർ പ്രകാശിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

Increase Font Size Decrease Font Size Print Page
adoor-1

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ ചോദ്യംചെയ്യൽ പൂർത്തിയായി. രണ്ടരമണിക്കൂറോളമാണ് പ്രത്യേക അന്വേഷണസംഘം (എസ് ഐ ടി ) അദ്ദേഹത്തെ ചോദ്യംചെയ്തത്. പോറ്റിയുമായി ബന്ധപ്പെട്ടകാര്യങ്ങൾ ചോദിച്ചെന്നും എല്ലാത്തിനും മറുപടി നൽകിയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഞാൻ നൽകിയ മറുപടി തൃപ്തികരമാണോ എന്നുപറയേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. സാമ്പത്തിക കാര്യങ്ങളെക്കുറിച്ചൊന്നും ചോദിച്ചില്ലെന്നും ചാേദ്യംചെയ്യാൻ വിളിപ്പിച്ചതിൽ അസ്വാഭാവികതയില്ലെന്നും അദ്ദേഹം പറഞ്ഞു. ചോദ്യംചെയ്യലിനായി വീണ്ടും വിളിപ്പിക്കുമോ എന്ന ചോദ്യത്തിന് രോഷാകുലനായാണ് അടൂർ പ്രകാശ് പ്രതികരിച്ചത്.

ഇന്നുരാവിലെയാണ് അടൂർ പ്രകാശ് ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരായത്. ചില കാര്യങ്ങളിൽ വ്യക്തത തേടിയാണ് അടൂർ പ്രകാശിനെ എസ് ഐ ടി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്. കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പമുള്ള അടൂർ പ്രകാശിന്റെ ചിത്രങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. ഇക്കാര്യത്തിലും പോറ്റിയിൽ നിന്ന് പാരിതോഷികങ്ങൾ വാങ്ങിയോ എന്ന കാര്യത്തിലും അന്വേഷണസംഘത്തിന് വ്യക്തതവരുത്തേതുണ്ടായിരുന്നു. സോണിയാ ഗാന്ധിയുമായുളള കൂടിക്കാഴ്ചയിലും പോറ്റിക്കൊപ്പം അടൂർ പ്രകാശ് ഉണ്ടായിരുന്നു. മണ്ഡലത്തിലെ ഒരു വോട്ടർ എന്നനിലയിലല്ലാതെ പോറ്റിയുമായി മറ്റൊരു ബന്ധവുമില്ലെന്നാണ് അടൂർപ്രകാശ് മാദ്ധ്യമങ്ങളോട് ആവർത്തിച്ചുപറഞ്ഞിരുന്നത്.

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ് ഐ ടി വീണ്ടും ചോദ്യം ചെയ്തേക്കുമെന്നും റിപ്പോർട്ടുണ്ട്. നേരത്തേയുള്ള ചോദ്യംചെയ്യലിൽ കടകംപള്ളി നൽകിയ ചില മൊഴികളിൽ വ്യക്തത വരുത്തുന്നതിനുവേണ്ടിയാണ് ചോദ്യംചെയ്യുന്നത്.

കേസിൽ കോൺഗ്രസ് എംപിയായ ആന്റോ ആന്റണിയെയും അധികം വൈകാതെതന്നെ ചോദ്യംചെയ്തേക്കും. തന്ത്രി രണ്ടരക്കോടി നിക്ഷേപിച്ച തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് ആന്റോ ആന്റണി പണം കൈപ്പറ്റിയെന്നും എംപിയുടെ ദൂരൂഹ പണമിടപാടുകൾ അന്വേഷിക്കണമെന്നും നേരത്തേ ആവശ്യമുയർന്നിരുന്നു. കഴിഞ്ഞദിവസം ഈ സ്ഥാപനത്തിലും ഉടമയുടെ വീട്ടിലും ഇ ഡി പരിശോധന നടത്തിയിരുന്നു.

കേസന്വേഷണം അവസാനഘട്ടത്തിലേക്ക് അടുത്തിരിക്കുന്ന വേളയിൽ നടക്കുന്ന ചോദ്യംചെയ്യലുകൾ നിർണായകമെന്നാണ് കരുതുന്നത്. അന്വേഷണം ശരിയായ ദിശയിലാണെന്നും സ്വർണം കട്ടവർ ആരും രക്ഷപ്പെടില്ലെന്നും ഹൈക്കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

TAGS: SABARIMALA GOLD THEFT, SIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.