
ന്യൂഡൽഹി: ആസിഡ് ആക്രമണക്കേസുകളിൽ ഏഴുവർഷം വരെയുള്ള ശിക്ഷാവ്യവസ്ഥ അപര്യാപ്തമാണെന്നും വർദ്ധിപ്പിക്കണമെന്നും താത്പര്യപ്പെട്ട് സുപ്രീംകോടതി. ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം. ഇതിനായി കേന്ദ്രം ഭേദഗതി കൊണ്ടുവരണമെന്നും കോടതി ഉത്തരവിട്ടു. ആസിഡ് ആക്രമണങ്ങൾ ആശങ്കയേറ്റും വിധം വർദ്ധിക്കുകയാണ്. നിയമവിരുദ്ധമായി ആസിഡ് വിൽക്കുന്നവരെയും ശക്തമായി കൈകാര്യം ചെയ്യണം. അവരും ഉത്തരവാദികളാണ്. അവരുടെ ക്രിമിനൽ പ്രോസിക്യൂഷനും പ്രധാനമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ആസിഡ് ആക്രമണ ഇര ഷഹീൻ മാലിക്കിന്റെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇരകൾക്ക് നഷ്ടപരിഹാരവും സുരക്ഷയും ഉറപ്പാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
ഗർഭം വേണ്ടെന്ന പ്രവണത
കൂടുന്നു: സുപ്രീംകോടതി
ന്യൂഡൽഹി: ഗർഭം വേണ്ടെന്ന് വയ്ക്കുന്ന പ്രവണത കൂടിവരുകയാണെന്ന് സുപ്രീംകോടതി. 15കാരിയുടെ 30 ആഴ്ച പ്രായമായ ഗർഭം നീക്കം ചെയ്യാനുള്ള ഉത്തരവ് നടപ്പാക്കിയെന്ന് ഡൽഹി എയിംസ് അറിയിച്ചപ്പോഴാണ് പ്രതികരണം. നാല് ആഴ്ച കൂടി കാത്തിരുന്നാൽ പ്രസവിച്ച് ദത്തു കൊടുക്കാവുന്നതേയുള്ളുവെന്ന് എയിംസ് നിലപാടെടുത്തതോടെ കുട്ടിയുടെ മാതാവ് കോടതിയലക്ഷ്യഹർജി സമർപ്പിച്ചിരുന്നു. തുടർന്ന് മേയ് നാലിനകം ഉത്തരവ് നടപ്പാക്കണമെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. ഗർഭം നീക്കിയതോടെ എയിംസിനെതിരെയുള്ള കോടതിയലക്ഷ്യനടപടി ഒഴിവാക്കി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഗർഭമാണ് കോടതി കയറിയത്. പീഡനക്കേസും നിലവിലുണ്ട്. ഇരകളുടെ ഗർഭച്ഛിദ്രത്തിന് സമയപരിധി ബാധകമാകരുതെന്ന് സുപ്രീംകോടതി ഇന്നലെയും ആവർത്തിച്ചു. ഗർഭം ചുമക്കാൻ കഴിയില്ലെന്നാണ് പെൺകുട്ടിയുടെ നിലപാടെങ്കിലും ആരോടും മിണ്ടിയില്ല. മകൾ ഗർഭിണിയാണെന്ന് മാതാവാണ് മനസിലാക്കിയത്. ഗർഭച്ഛിദ്രത്തിന് തീരുമാനമെടുത്തു വന്നപ്പോഴേക്കും ഏഴുമാസമായിരുന്നു. ഇരകളുടെ 24 ആഴ്ച വരെയുള്ള ഗർഭം നീക്കാൻ മാത്രമേ നിയമം അനുവദിക്കുന്നുള്ളു. ഇത് നിയമത്തിലെ പോരായ്മയാണെന്നും കോടതി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |