പാവറട്ടി: മരുതയൂർ- കുണ്ടുവക്കടവ് പാലത്തിന് പരിസരത്തുള്ള കുടിവെള്ള ടാങ്ക് പഴക്കം മൂലം അപകടാവസ്ഥയിൽ. കാലപ്പഴക്കത്തെ തുടർന്ന് ടാങ്കിന്റെ അടിഭാഗത്തെ പ്ലാസ്റ്റർ ഇടിഞ്ഞുവീണ് ഇരുമ്പ് കമ്പികൾ പുറത്തേക്ക് തെളിഞ്ഞുകാണുന്ന നിലയിലാണ്. തീരദേശ മേഖലയിലെ നിരവധി കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്നത് ഈ ടാങ്കിൽ നിന്നാണ്. അപകടഭീഷണി നിലനിൽക്കുന്നതിനാൽ നിലവിൽ ടാങ്കിൽ വെള്ളം സംഭരിക്കാതെ നേരിട്ട് പമ്പ് ചെയ്ത് വിതരണം നടത്തുകയാണ് ചെയ്യുന്നതെന്ന് ജല അതോറിറ്റി ജീവനക്കാരൻ പറഞ്ഞു. റോഡരികിൽ വീടുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഈ ടാങ്കിന്റെ ഭാഗങ്ങൾ ഇടിഞ്ഞുവീഴാനുള്ള സാദ്ധ്യതയുണ്ട്. അടിയന്തരമായി ടാങ്ക് പൊളിച്ചുനീക്കുകയോ ബലപ്പെടുത്താനുള്ള സുരക്ഷാ നടപടികൾ സ്വീകരിക്കുകയോ വേണമെന്നും വിഷയത്തിൽ ബന്ധപ്പെട്ട വകുപ്പുകളും പഞ്ചായത്തും അടിയന്തരമായി ഇടപെടണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
കൈയൊഴിഞ്ഞ് ഉദ്യോഗസ്ഥർ
പാവറട്ടി- തൃത്താല കുടിവെള്ള പദ്ധതി പൂർത്തിയായാൽ മാത്രമേ നിലവിലെ ടാങ്ക് പൊളിച്ചുനീക്കാൻ സാധിക്കൂ എന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന മറുപടി. എന്നാൽ സ്ഥിതി അതീവ ഗുരുതരമായതിനാൽ കാത്തിരിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. സമീപത്തെ കിണറിനോട് ചേർന്ന് പുതിയ വാട്ടർ ടാങ്ക് സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതിയും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |