കൊച്ചി: സംരക്ഷിത പട്ടികയിലുള്ള കടൽജീവികളുടെ നിയമവിരുദ്ധവ്യാപാരം തടയാൻ തീരദേശവാസികളുടെ ഉപജീവനംകൂടി പരിഗണിച്ചുള്ള പദ്ധതികളും വിവിധ ഏജൻസികളുടെ കൂട്ടായ ശ്രമങ്ങളും അനിവാര്യമെന്ന് സി.എം.എഫ്.ആർ.ഐയിൽ ആരംഭിച്ച ത്രിദിന ദേശീയ ശില്പശാലയിൽ വിദഗ്ദ്ധർ നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ മത്സ്യത്തൊഴിലാളികളുടെ സഹകരണം ആവശ്യമാണ്. നൂതനസാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനവും സാമൂഹിക-പാരിസ്ഥിതിക തലങ്ങൾ മനസിലാക്കിയുള്ള നിയമനിർമ്മാണവും വേണം.
സി.എം.എഫ്.ആർ.ഐ, വൈൽഡ്‌ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ, ഡബ്ല്യു.ഡബ്ല്യു.എഫ് ഇന്ത്യ എന്നിവ സംയുക്തമായി നടത്തുന്ന ശില്പശാല ഇന്നു സമാപിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ, ശാസ്ത്രജ്ഞർ, സംരക്ഷണ പ്രവർത്തകർ എന്നിവർ പങ്കെടുക്കുന്ന ശില്പശാലയിൽ പവിഴപ്പുറ്റുകൾ, സമുദ്രസസ്തനികൾ, ശംഖിനങ്ങൾ, കടലാമകൾ എന്നിവയുടെ തിരിച്ചറിയൽ, സൈബർ കുറ്റകൃത്യങ്ങളിലെ ഡിജിറ്റൽ തെളിവ് ശേഖരണം, നിയമനടപടികൾ എന്നിവയിൽ പരിശീലനം നൽകി.
സ്രാവ്ചിറക്, തിരണ്ടിയുടെ ഗിൽപ്ലേറ്റ്, കടൽവെള്ളരി, കടൽക്കുതിര, വിവിധയിനം ശംഖുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് അനധികൃത വ്യാപാരം. ഇന്ത്യയിൽ 12വർഷത്തിനിടെ സ്രാവാണ് ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ടത്. ഉത്പന്നങ്ങളിൽ 82ശതമാനവും സ്രാവിന്റെ ചിറകായിരുന്നു.
പിടിച്ചെടുക്കുന്ന കടൽജീവികളെ കൃത്യമായി തിരിച്ചറിയുക എന്നതാണ് അന്വേഷണ ഏജൻസികൾ നേരിടുന്ന വലിയ വെല്ലുവിളിയെന്നും സി.എം.എഫ്.ആർ.ഐപോലുള്ള സ്ഥാപനങ്ങളുടെ സഹായം ആവശ്യമാണെന്നും ശില്പശാല ഉദ്ഘാടനംചെയ്ത ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മനു സത്യൻ പറഞ്ഞു. സംരക്ഷണം ഉറപ്പാക്കാൻ വിവിധ ഏജൻസികളുടെ കൂട്ടായ്മ വേണമെന്ന് സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു.
സി.എം.എഫ്.ആർ.ഐ ഫിൻഫിഷ് ഫിഷറീസ് വിഭാഗം മേധാവി ഡോ. ശോഭ ജോ കിഴക്കൂടൻ, ഡബ്ല്യു.ഡബ്ല്യു.എഫ് സീനിയർ ഡയറക്ടർ ദീപാങ്കർ ഘോഷ് തുടങ്ങിയവർ സംസാരിച്ചു.
വെല്ലുവിളികൾ
പലവിധം
വാണിജ്യാവശ്യത്തിനും ഉല്ലാസത്തിനുമുള്ള മത്സ്യബന്ധനം, മലിനീകരണം, തീരവികസന പദ്ധതികൾ, കാലാവസ്ഥാ വ്യതിയാനം, ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റം എന്നിവയാണ് പല മീനുകളുടെയും വംശനാശത്തിനു കാരണമാകുന്നത്.
സംരക്ഷണ നടപടികൾ ഊർജിതമാക്കുന്നതിനൊപ്പം മത്സ്യത്തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും ഇതേക്കുറിച്ചു ബോധവത്കരണം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |