കൊട്ടിയൂർ: തകർന്ന അമ്പായത്തോട് - പാൽച്ചുരം റോഡിലൂടെയുള്ള വാഹന യാത്രക്കാരുടെ സാഹസിക യാത്ര വേനൽ മഴ പെയ്യാൻ തുടങ്ങിയതോടെ ദുരിതയാത്രയായി. റോഡിന്റെ പലഭാഗങ്ങളും തകർന്നു തുടങ്ങിയതും റോഡിൽ ഗർത്തം രൂപപ്പെട്ടതും യാത്രക്കാരുടെ നടുവൊടിക്കുന്നതായിട്ടും ബന്ധപ്പെട്ടവർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
വലിയ കയറ്റവും കൊടും വളവുകളുമുള്ള പാൽച്ചുരം പാതയിലൂടെയുളള യാത്ര അപകടം പിടിച്ചതാണ്. പാൽച്ചുരം റോഡിന്റെ ഒരു ഭാഗത്ത് ചെങ്കുത്തായ മലയും മറുഭാഗത്ത് വലിയ കൊക്കയുമാണ്. ചെങ്കുത്തായ മലയിലെ വലിയ പാറക്കെട്ടുകൾ കാരണം ചെകുത്താൻ തോടിന് സമീപത്ത് റോഡ് വീതി കുറഞ്ഞ് വളരെയധികം ഇടുങ്ങിയതായതിനാൽ ഒരേ സമയം രണ്ട് ബസുകൾക്ക് കടന്നുപോകാൻ പ്രയാസം. ഇടുങ്ങിയ റോഡും അഞ്ച് ഹയർപിൻ വളവുകളും ഇതുവഴിയുള്ള യാത്ര ദുഷ്‌കരമാക്കുന്നു.
കഴിഞ്ഞ വർഷം മഴക്കാലത്ത് ചെകുത്താൻ തോടിന് സമീപം റോഡിലേക്ക് കല്ലും മണ്ണും ഇടിഞ്ഞു വീണത് ഇതുവരെ നീക്കം ചെയ്യാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. വീതി കുറഞ്ഞ ഈ ഭാഗത്തേക്ക് കല്ലും മണ്ണും ഇടിഞ്ഞു വീണത് നീക്കാത്തതിനാൽ റോഡിന്റെ ഈ ഭാഗത്ത് ഗതാഗത തടസം നിത്യസംഭവമാണ്. മണ്ണ് വീണ് ഓവുചാൽ അടഞ്ഞതിനാൽ വെള്ളം റോഡിലൂടെ ഒഴുകാൻ തുടങ്ങിയതോടെ ഈ ഭാഗത്ത് ലക്ഷങ്ങൾ മുടക്കി ഇന്റർലോക്ക് ചെയ്തത് തകർന്ന് വലിയ കുഴികൾ കയറ്റത്തിൽ തന്നെ രൂപപ്പെട്ടിരിക്കുകയാണ്.
അറ്റകുറ്റപ്പണി
'പണി" തന്നു
ആറു മാസം മുമ്പാണ് പാൽച്ചുരം റോഡ് 10 ലക്ഷം രൂപ മുടക്കി അറ്റകുറ്റപ്പണി ചെയ്തത്. പണി പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞതോടെ റോഡ് തകരാൻ തുടങ്ങി. മതിയായ സുരക്ഷാ ഭിത്തി പോലും ആവശ്യത്തിനില്ലാത്ത ഇടുങ്ങിയ റോഡിൽ നിന്ന് വാഹനമൊന്ന് തെന്നിയാൽ വലിയ കൊക്കയാണെന്നതും മറുഭാഗത്ത് ഇടിഞ്ഞു വീഴാൻ പാകത്തിൽ നിൽക്കുന്ന പാറക്കെട്ടുമാണ് യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നത്. റോഡ് തകർന്ന് തരിപ്പണമായതോടെ ഇരു ചക്രവാഹന യാത്രക്കാരും കാറുകാരും കൂടുതൽ ദുരിതത്തിലായി.
കൊട്ടിയൂർ തീർത്ഥാടകർക്കും
യാത്ര പരീക്ഷണമാകും
കണ്ണൂരിനെയും വയനാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതും കണ്ണൂർ വിമാനത്താവളത്തിലേക്കുമുള്ള പ്രധാന പാതയായിട്ടും യഥാസമയം അറ്റകുറ്റപ്പണികൾ പോലും ചെയ്യുന്നില്ലെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും പരാതി. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ഇനി മൂന്നാഴ്ച പോലും ഇല്ല. ഉത്സവകാലത്ത് ആയിരക്കണക്കിന് വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നതാണ്. കൂടാതെ കർണ്ണാടകയിൽ നിന്നുള്ള വാഹനങ്ങൾകൂടി എത്തുന്നതോടെ പ്രതിസന്ധി രൂക്ഷമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |