
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ഇന്ധന ഉപയോഗത്തിൽ കരുതൽ വേണമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വഡോദരയിൽ നടന്ന യോഗത്തിലാണ് പ്രധാനമന്ത്രി മോദി ഏഴ് നിർദ്ദേശങ്ങൾ ആവർത്തിച്ചത്. ലോകം കണ്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് പശ്ചിമേഷ്യൻ യുദ്ധമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ പ്രതിസന്ധി രാജ്യം അതിജീവിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ധന ഉപയോഗത്തിൽ കൊവിഡ് കാലത്തെ പോലെ നിയന്ത്രണം വേണം എന്നാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന യോഗത്തിൽ അഭ്യർത്ഥിച്ചത്. ആഗോള തടസങ്ങളും വെല്ലുവിളികളും നേരിടാൻ ജനങ്ങളുടെ കൂട്ടായ പങ്കാളിത്തം വേണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റം നേരിടാൻ പുതിയ സാമ്പത്തിക നയങ്ങളും നിർദ്ദേശിച്ചു. രാജ്യത്തെ വിദേശനാണ്യ ശേഖരം സംരക്ഷിക്കാനായി വിദേശയാത്രകളും വിദേശത്തുനടത്തുന്ന വിവാഹങ്ങളും ഒഴിവാക്കണമെന്നും അടുത്ത വർഷം അത്യാവശ്യമില്ലാതെ സ്വർണം വാങ്ങരുതെന്നും ജനങ്ങളോട് അഭ്യർത്ഥിച്ചു.
ഇന്ധന ഉപഭോഗം കുറയ്ക്കാൻ മെട്രോ ട്രെയിനുകളും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിക്കണം. കാർ പൂളിംഗ് പ്രോത്സാഹിപ്പിക്കണം. ചരക്കുനീക്കത്തിന് റെയിൽവേയ്ക്ക് മുൻഗണന നൽകണം. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കണം. വർക്ക് ഫ്രം ഹോം, വീഡിയോ കോൺഫറൻസിംഗ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |