
ടൊറന്റോ : ടൈറ്റനിൽ ഇന്ന് ഉച്ചയോടെ ഓക്സിജൻ തീരും. അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിൽ മറഞ്ഞ കോടീശ്വരന്മാരായ അഞ്ചുപേരുടെ ജീവൻ... ലോകം പ്രാർത്ഥനയിൽ നിൽക്കെ രക്ഷാ പ്രവർത്തകരുടെ പ്രതീക്ഷ മങ്ങുകയാണ്.
അതിനിടെ, കടലിൽ ടൈറ്റാനിക് അവശിഷ്ടങ്ങൾക്ക് സമീപത്തുനിന്ന് ശബ്ദം പിടിച്ചെടുത്തെന്ന് യു.എസ് കോസ്റ്റ് ഗാർഡ് ഇന്നലെ അറിയിച്ചത് പ്രതീക്ഷയുണർത്തി. പക്ഷേ, ടൈറ്റനിൽ നിന്നാണോയെന്ന് സ്ഥിരീകരിക്കാനായില്ല. ശബ്ദത്തിന്റെ ഉറവിടം ലക്ഷ്യമാക്കി തെരച്ചിൽ തുടരുകയാണ്.
കാനഡയുടെ പി - 3 വിമാനമാണ് സോണാർ ബോയകളുടെ സഹായത്തോടെ ശബ്ദം പിടിച്ചെടുത്തത്. എന്തിലോ അടിക്കും പോലുള്ള ശബ്ദം 30 മിനിറ്റ് ഇടവിട്ട് രണ്ട് മൂന്ന് തവണ കേട്ടു. ഉപരിതലത്തിൽ നിന്ന് നിയന്ത്രിക്കാൻ സാധിക്കുന്ന ആളില്ലാ ചെറു സമുദ്രവാഹനങ്ങളാണ് (ആർ.ഒ.വി) ശബ്ദത്തിന്റെ ഉറവിടം കണ്ടെത്താൻ ഉപയോഗിക്കുന്നത്. ഫ്രഞ്ച് കപ്പലായ ലാ അറ്റ്‌ലാൻഡെയിലെ ഇത്തരം വഹനത്തിന് അറ്റ്ലാന്റിക്കിന്റെ അടിത്തട്ടുരെ എത്താൻ ശേഷിയുണ്ട്. എന്നാൽ, ടൈറ്റൻ ഗതി മാറിപ്പോയിട്ടുണ്ടെങ്കിൽ കണ്ടെത്താനാകില്ല.
ഇതുവരെ 20,000 ചതുരശ്ര കിലോമീറ്റർ മേഖലയിൽ തിരച്ചിൽ നടത്തിക്കഴിഞ്ഞു. കൂടുതൽ കപ്പലുകളും വിമാനങ്ങളും ദൗത്യത്തിൽ ചേർന്നിട്ടുണ്ട്. 12,500 അടി താഴ്ചയിലാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ. ഇവിടെ അതിമർദ്ദമാണ്. ടൈറ്റന് വിള്ളൽ വീണിട്ടുണ്ടെങ്കിൽ ശക്തമായ മർദ്ദത്തെ അതിജീവിക്കാനാവില്ലെന്ന് വിദഗ്ദ്ധർ പറയുന്നു.
ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്ക്കാണ് ടൈറ്റനെ കാണാതായത്. കടലിൽ ഇറക്കി ഒന്നേമുക്കാൽ മണിക്കൂറിനകം മാതൃകപ്പലായ പോളാർ പ്രിൻസുമായി ആശയ വിനിമയം നഷ്ടപ്പെട്ടു. ടൈറ്റന്റെ ഉടമസ്ഥരായ ഓഷ്യൻഗേറ്റ് കമ്പനിയുടെ സി.ഇ.ഒ സ്റ്റോക്‌ടൺ റഷ്, ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹർഡിംഗ്, ബ്രിട്ടീഷ് - പാകിസ്ഥാനി കോടീശ്വരൻ ഷെഹ്‌സാദാ ദാവൂദ്, മകൻ സുലേമാൻ, ഫ്രഞ്ച് പര്യവേഷകൻ പോൾ ഹെൻറി നാർജിയോലെറ്റ് എന്നിവരാണ് ടൈറ്റനിലുള്ളത്. പോൾ ആണ് ടൈറ്റന്റെ പൈലറ്റ്.
ശബ്ദം തേടി പോയിട്ടും
2014ൽ കടലിൽ മുങ്ങിയ മലേഷ്യൻ യാത്രാ വിമാനം തെരയുമ്പോഴും കടലിനടിയിൽ നിന്ന് ശബ്ദങ്ങൾ കേട്ടിരുന്നു. പക്ഷേ, വിമാനാവശിഷ്ടങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല
മുങ്ങിക്കിടക്കുന്ന ടൈറ്റാനിക്കിലെ ലോഹവസ്തുക്കളിൽ നിന്ന് ഇതുപോലെ ശബ്ദം ഇപ്പോഴും ഇടയ്ക്കിടെ ഉയരുന്നുണ്ട്. ഇന്നലെ കേട്ടത് അതാണോയെന്നും സംശയിക്കുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |