ന്യൂയോർക്ക് : ലോകത്തെ ഏറ്റവും പ്രായം കൂടിയ നായ എന്ന ഗിന്നസ് റെക്കാഡിൽ വീണ്ടും മാറ്റം. കഴിഞ്ഞ മാസമാണ് യു.എസിലെ ഒഹായോയിൽ നിന്നുള്ള 23 വയസുള്ള ' സ്പൈക്ക് " എന്ന ചിവാവ മിക്സ് ഇനത്തിലെ നായ നിലവിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ നായയുടെ റെക്കാഡ് നേടിയത്. എന്നാലിപ്പോൾ സ്പൈക്കിനെ മറികടന്നിരിക്കുകയാണ് പോർച്ചുഗലിൽ നിന്നുള്ള ബോബി.
30 വയസും 268 ദിവസവും പ്രായമുള്ള ബോബി ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ നായ എന്നതിന് പുറമേ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ച നായ എന്ന ഗിന്നസ് നേട്ടവും സ്വന്തമാക്കി. ഓസ്ട്രേലിയൻ കാറ്റിൽ ഡോഗ് ഇനത്തിലെ ബ്ലൂയീക്കായിരുന്നു ഇതുവരെ ഈ റെക്കാഡ്. 1939ൽ 29 വയസുള്ളപ്പോഴാണ് ബ്ലൂയീ ലോകത്ത് നിന്ന് വിടപറഞ്ഞത്. ഏകദേശം ഒരു നൂറ്റാണ്ടിനോട് അടുക്കുമ്പോഴാണ് ബ്ലൂയീയുടെ റെക്കാഡ് ബോബി തകർത്തത്.
റഫേറോ ഡോ അലെൻറ്റേഷോ ബ്രീഡിൽപ്പെട്ടതാണ് ബോബി. കന്നുകാലികളുടെ സംരക്ഷണത്തിന് പോർച്ചുഗലിൽ വളർത്തുന്ന നായയാണ് റഫേറോ ഡോ അലെൻറ്റേഷോ. 12 മുതൽ 14 വയസുവരെയാണ് ഇക്കൂട്ടരുടെ ശരാശരി ആയൂർദൈർഘ്യം. പടിഞ്ഞാറൻ പോർച്ചുഗലിലെ കോൺക്വിറോസ് ഗ്രാമത്തിലെ ലിയണൽ കോസ്റ്റ എന്നയാളുടെ കുടുംബത്തിനൊപ്പമാണ് ബോബിയുടെ താമസം. 1992 മേയ് 11ന് ബോബി ജനിക്കുമ്പോൾ കോസ്റ്റയ്ക്ക് എട്ട് വയസായിരുന്നു പ്രായം. ബോബിയുടെ അമ്മ ജിറ 18 വയസുവരെ ജീവിച്ചു.
ബോബിയ്ക്ക് മനുഷ്യരുമായി വളരെ അടുപ്പമാണ്. പ്രായാധിക്യത്തെ തുടർന്ന് കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ ബോബിക്കുണ്ട്. 2018ൽ ശ്വാസതടസ്സത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ ബോബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
വെറ്ററിനറി മെഡിക്കൽ സർവീസ് പ്രവർത്തകരും പോർച്ചുഗീസ് സർക്കാരിന് കീഴിലെ പെറ്റ് ഡേറ്റാ ബേസിലെ ഉദ്യോഗസ്ഥരും ചേർന്ന് ബോബിയുടെ പ്രായം സ്ഥിരീകരിച്ചു. അതേ സമയം, ഓസ്ട്രേലിയയിൽ തന്നെയുള്ള ചില്ല എന്ന വളർത്തുനായ 1983ൽ 32ാം വയസിലാണ് ചത്തതെന്ന് പറയുന്നുണ്ടെങ്കിലും ഇത് സാധൂകരിക്കാനുള്ള രേഖകളില്ല.
നിലവിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ നായയെന്ന ഗിന്നസ് റെക്കാഡ് വഹിച്ചിരുന്ന ' പെബ്ൾസ്" ഒക്ടോബറിൽ 22ാം വയസിൽ വിടപറഞ്ഞതോടെ ആ റെക്കാഡ് ജീനോ വുൾഫ് എന്ന നായയ്ക്ക് ലഭിച്ചു. എന്നാൽ റെക്കാഡ് കഴിഞ്ഞ മാസം സ്പൈക്കിന് ലഭിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |