ജയ്പൂർ: മുൻ കോൺഗ്രസ് എംഎൽഎ അർജുൻ ഛരൺ ദാസ് വാഹനാപകടത്തിൽ മരിച്ചു. ഒഡീഷയിലെ ജാജ്പൂർ ജില്ലയിലെ എംഎൽഎ ആയിരുന്നു അദ്ദേഹം. അർജുൻ ഛരൺ ദാസ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ട്രക്കിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബൈക്കിൽ ഒപ്പം സഞ്ചരിച്ചിരുന്ന ആൾക്കും ഗുരുതരമായി പരിക്കേറ്റു. വിദഗ്ദ്ധ ചികിത്സയ്ക്കായി ഇയാളെ കട്ടക്ക് എസ്‌സിബി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയതായി സദർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇൻ ചാർജ് മനസ് രഞ്ജൻ ചക്ര പറഞ്ഞു. അടുത്തിടെയാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതിയിൽ അർജുൻ ചരൺ ദാസ് ചേർന്നത്. പാർട്ടിയുടെ വാർത്താസമ്മേളനത്തിൽ പങ്കെടുക്കാൻ ദാസ് ജയ്പൂരിൽ നിന്ന് ഭുവനേശ്വറിലേയ്ക്ക് പോകുമ്പോഴാണ് അപകടമുണ്ടായതെന്ന് ബിആർഎസ് ഒഡീഷ സ്ഥാപക അംഗം അക്ഷയ കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അർജുൻ ചരൺ ദാസിന്റെ മരണത്തിൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു അനുശോചനം രേഖപ്പെടുത്തി. മുൻ ജയ്പൂർ എംപി അനാദി ദാസിന്റെ മകനാണ് മരിച്ച അർജുൻ ചരൺ ദാസ്. 1995 മുതൽ 2000 വരെ ബിഞ്ജർപൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് നിയമസഭാംഗമായിരുന്നു അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |