SignIn
Kerala Kaumudi Online
Friday, 26 April 2024 12.36 PM IST

കൂടത്തായി കൊലപാതക പരമ്പര, നാല് പേരുടെ മൃതദേഹ അവശിഷ്ടങ്ങളിൽ സയനൈഡിന്റെ അംശമില്ല

kooda

 കേന്ദ്ര ഫോറൻസിക് ലാബ് പരിശോധനാ ഫലം

കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരക്കേസിൽ ആറു പേരിൽ നാല് പേരുടെ മൃതദേഹ അവശിഷ്ടങ്ങളിൽ കൊലപ്പെടുത്താൻ ഉപയോഗിച്ചെന്ന് സംശയിക്കുന്ന സയനൈഡിന്റെ അംശം കണ്ടെത്താനായില്ലെന്ന് ഹൈദരാബാദിലെ കേന്ദ്ര ഫോറൻസിക് ലാബിന്റെ പരിശോധനാ ഫലം. ഇത് കേസിൽ തിരിച്ചടിയാകുമോ എന്ന് ആശങ്ക.

ആദ്യ കേസിന്റെ വിചാരണ അടുത്തമാസം ആറിന് തുടങ്ങാനിരിക്കുകയാണ്. ആറും വ്യത്യസ്ത കേസുകളായാണ് പരിഗണിക്കുന്നത്. പരിശോധനാഫലം കോടതിയിൽ സമർപ്പിച്ചു. മൃതദേഹങ്ങളുടെ കാലപ്പഴക്കം കാരണമാണ് സയനൈഡിന്റെ അംശം കണ്ടെത്താനാകാത്തത് എന്നാണ് വിലയിരുത്തൽ. നേരത്തേ കോഴിക്കോട് റീജിയണൽ കെമിക്കൽ എക്‌സാമിനേഴ്‌സ് ലാബിൽ നടത്തിയ പരിശോധനയിൽ നാല് കേസുകളിൽ സയനൈഡ് അംശം കണ്ടെത്താത്തതിനാൽ കോടതിയുടെ അനുമതിയോടെ വീണ്ടും വിശദ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.

മുഖ്യപ്രതി പൊന്നമറ്റം ജോളിയാമ്മ ജോസഫ് എന്ന ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ്, റോയിയുടെ മാതാവ് അന്നമ്മ തോമസ്, പിതാവ് ടോം തോമസ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ജോളിയുടെ രണ്ടാംഭർത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരെ കൊലപ്പെടുത്തിയെന്നാണ് കേസ്. അന്നമ്മ തോമസ്, ടോം തോമസ്, മാത്യു മഞ്ചാടിയിൽ, ആൽഫൈൻ എന്നിവരുടെ മൃതദേഹ അവശിഷ്ടങ്ങളിലാണ് സയനൈഡിന്റെ അംശമില്ലെന്ന് കണ്ടെത്തിയത്. റോയ് തോമസിന്റെയും സിലിയുടെയും മരണകാരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്ന് മുമ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

ജോളിയെ കൂടാതെ സയനൈഡ് നൽകിയ ജൂവലറി ജീവനക്കാരൻ മഞ്ചാടിയിൽ എം.എസ്.മാത്യു എന്ന ഷാജി, സ്വർണപ്പണിക്കാരൻ പ്രജികുമാർ, വ്യാജ ഒസ്യത്ത് നിർമ്മിച്ച് നൽകിയ മനോജ് കുമാർ എന്നിവരാണ് പ്രതികൾ. 2002 മുതൽ 2016 വരെയുള്ള കാലഘട്ടത്തിലാണ് കൊലപാതകങ്ങൾ നടന്നത്. 2019ലാണ് മൃതദേഹ അവശിഷ്ടങ്ങൾ പുറത്തെടുത്ത് പരിശോധന നടത്തിയത്.

റോയ് തോമസ് വധക്കേസിന്റെ വിചാരണയാണ് അടുത്തമാസം മാറാട് പ്രത്യേക അഡി. സെഷൻസ് കോടതിയിൽ തുടങ്ങുന്നത്. മേയ് 18 വരെയാണ് വിചാരണ. പ്രതികൾക്ക് കുറ്റപത്രം വായിച്ച് കേൾപ്പിച്ചിരുന്നു. 158 സാക്ഷികളാണ് കേസിലുള്ളത്. വിചാരണ കോടതി മാറ്റണമെന്നാശ്യപ്പെട്ട് പ്രതി ജോളി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ നൽകിയിട്ടുണ്ട്. കേസിൽ കുറ്റവിമുക്തയാക്കണമെന്ന ഹർജി പ്രത്യേക കോടതി തള്ളിയതിനെതിരെ നൽകിയ അപേക്ഷയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതിയിൽ കേസുള്ളപ്പോൾ കീഴ്‌ക്കോടതിയിൽ സാക്ഷി വിസ്താരം തുടങ്ങുന്നത് നീട്ടണമെന്ന ആവശ്യം നിരസിച്ചതിനെതിരെ നൽകിയ ഹർജിയും പരിഗണനയിലുണ്ട്.

''പരിശോധനാഫലം കേസിൽ തിരിച്ചടിയാകില്ല. ആവശ്യമുള്ള തെളിവുകൾ ഉൾപ്പെടുത്തിയാണ് അന്വേഷണം പൂർത്തിയാക്കിയത്.

-കെ.ജി. സൈമൺ,

മുൻ അന്വേഷണ ഉദ്യോഗസ്ഥൻ

'' റിപ്പോർട്ട് കേസുകളെ ബാധിക്കില്ല. ആദ്യ വിചാരണ നടക്കുന്ന കേസിൽ സയനൈഡിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്.

- എൻ.കെ. ഉണ്ണിക്കൃഷ്ണൻ,

സ്പെഷ്യൽ പ്രോസിക്യൂട്ടർ,

കൂടത്തായി കേസ്

കേസിനെ ബാധിക്കും

കേന്ദ്ര ഫോറൻസിക് ലാബ് റിപ്പോർട്ട് കേസിന്റെ നിലനിൽപ്പിനെ ബാധിക്കും. വിഷം നൽകി ബന്ധുക്കളെ കൊന്നെന്നാണ് പ്രധാന കണ്ടെത്തൽ. മൃതദേഹങ്ങളിൽ സയനൈഡിന്റെ സാന്നിദ്ധ്യമില്ലെന്ന റിപ്പോർട്ട് ഈ കണ്ടെത്തൽ തള്ളിക്കളയുന്നു. അന്വേഷണത്തിൽ അട്ടിമറി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് പരാതിക്കാരിൽ ഒരാൾ എന്നെ നേരത്തെ സമീപിച്ചിരുന്നു. പ്രഗത്ഭനായ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നതിനാൽ അന്നത് ഗൗരവത്തിലെടുത്തില്ല. നിലവിലെ സാഹചര്യത്തിൽ സംഭവം പുതിയ കേസായി കേന്ദ്ര ഏജൻസി അന്വേഷിക്കണം. അന്വേഷണത്തിൽ എവിടെയാണ് വീഴ്ച വന്നതെന്നും കാരണമെന്തെന്നും കണ്ടെത്തണം.

-അഡ്വ. ടി. അസഫലി

മുൻ ഡയറക്ടർ ജനറൽ

ഒഫ് പ്രോസിക്യൂഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOODATHAYI CASE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.