തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ഇന്ന് രാവിലെയാണ് മന്ത്രിയെത്തിയത്. ഡോക്ടർമാരുമായി സംസാരിച്ച വീണാ ജോർജ് മെഡിക്കൽ ബോർഡിന്റെ മേൽനോട്ടത്തിൽ തുടർചികിത്സ ലഭ്യമാക്കണമെന്ന് നിർദേശിച്ചു.
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻ ചാണ്ടിയുടെ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ആരോഗ്യമന്ത്രി ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്. ശ്വാസകോശ സംബന്ധമായ അസുഖമാണെന്നും മരുന്നുകൾ നൽകുന്നുണ്ടെന്നും ഇന്നലത്തേക്കാൾ ഭേദമുണ്ടെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ മഞ്ജു തമ്പി അറിയിച്ചു.
ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിക്കുകയാണെന്ന് ആരോപിച്ച് സഹോദരൻ രംഗത്തെത്തിയിരുന്നു. വിദഗ്ദ്ധ ചികിത്സ ഒരുക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് സഹോദരൻ ഉൾപ്പടെ 42 ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. തിരുവനന്തപുരത്തെ വസതിയിൽ ഉമ്മൻചാണ്ടിയെ സന്ദർശിക്കുന്നതിന് കുടുംബം അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ബന്ധുക്കൾ മുഖ്യമന്ത്രിയെ സമീപിച്ചത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയെ കൂടാതെ ആരോഗ്യമന്ത്രി വീണാ ജോർജിനും ബന്ധുക്കൾ നിവേദനം നൽകി. ഉമ്മൻചാണ്ടിയുടെ ഇളയ സഹോദരൻ അലക്‌സ് വി ചാണ്ടി ഉൾപ്പടെയുള്ളവരാണ് നിവേദനത്തിൽ ഒപ്പിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |