തിരുവനന്തപുരം: ഗുണ്ടാ വാഴ്ചയ്ക്കെതിരായ പൊലീസിന്റെ ഓപ്പറേഷൻ ആഗിൽ പരൽ മീനുകൾ അകത്തായപ്പോൾ കൊലപാതകവും ക്വട്ടേഷനും ലഹരി കടത്തുമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ പ്രതികളായ കൊടും കുറ്റവാളികളിൽ പലരും വലയ്ക്ക് പുറത്ത്. ഗുണ്ടാ സംഘങ്ങൾക്കെതിരെ പൊലീസ് നടപടി ശക്തമാകുന്നുവെന്ന സൂചന ലഭിച്ചതോടെ കളം വിട്ട കുപ്രസിദ്ധ ഗുണ്ടാത്തലവൻമാരിലൊരാളെപ്പോലും തൊടാനായില്ല.
തലസ്ഥാനത്ത് ഗുണ്ടാ കുടിപ്പകയിൽ കാർ തടഞ്ഞ് നിറുത്തി കൺസ്ട്രക്ഷൻ കമ്പനി ഉടമയെയും കൂട്ടാളികളെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഓം പ്രകാശ്, കൂട്ടാളിയും മെഡിക്കൽ കോളേജിൽ ആംബുലൻസ് ഡ്രൈവറെ കത്തികാട്ടി വിരട്ടിയ ശേഷം ഒളിവിൽ പോയ മറ്റൊരു ഗുണ്ടയുമായ പുത്തൻപാലം രാജേഷ്, നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ദിനി ബാബു, എയർപോർട്ട് ശ്യാം, പന്തം ജയൻ എന്നിവരുൾപ്പെടെ കളം നിറഞ്ഞ ഗുണ്ടകളിലൊരാൾ പോലും പിടിയിലായില്ല. ഓംപ്രകാശും പുത്തൻപാലം രാജേഷുമൊഴികെയുള്ളവർക്കെതിരെ നിലവിൽ കേസില്ലെന്ന് പൊലീസിന് പറയാമെങ്കിലും, ഗുണ്ടകളെ നിരീക്ഷണത്തിലാക്കുന്നതിന്റെ ഭാഗമായുള്ള നടപടിയിൽ നിന്ന് വമ്പൻമാർ ഒഴിവായതിലൂടെ പദ്ധതിയുടെ ഉദ്ദേശ്യശുദ്ധിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
സംസ്ഥാനത്തുടനീളം 3501 റെയ്ഡുകളിലായി 2507 ഗുണ്ടകളെയാണ് കസ്റ്റഡിയിലെടുത്തതെങ്കിലും, ഇവരിൽ പിടികിട്ടാപ്പുള്ളികളും വാറന്റ് പ്രതികളും കാപ്പയിൽ ഉൾപ്പെട്ടവരും സഹിതം ഏതാണ്ട് നൂറ്റമ്പതോളം പേരാണ് റിമാൻഡിലായത്. മറ്റുള്ളവരെ ജാമ്യത്തിൽ വിട്ടയച്ചു.
സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർദ്ധിക്കുകയും ഗുണ്ടകൾക്കെതിരായ നടപടികൾ ആരംഭിക്കുകയും ചെയ്തതോടെ, സ്ഥിരം കുറ്റവാളികളും ക്രിമിനലുകളും തമിഴ്നാട്ടിലേക്കും ബംഗളുരു പോലുളള നഗരങ്ങളിലേക്കും ചുവട്മാറ്റി. മയക്കുമരുന്ന് കള്ളക്കടത്തും വിൽപ്പനയുമുൾപ്പെടെയുള്ള ബിസിനസുകളിലേക്ക് തിരിഞ്ഞ സംഘം തങ്ങളുടെ മേഖലകളിൽ അനുയായികളുടെ സഹായത്തോടെ കച്ചവടം കൊഴുപ്പിച്ചു. ഗുണ്ടകൾ സ്വയം നാട് വിട്ടുപോയതിൽ ആശ്വസിച്ച പൊലീസ് പിന്നീട് ഇവരുടെ നീക്കങ്ങൾ നിരീക്ഷിക്കാനും തുനിഞ്ഞില്ല. അവർ ഒളിവിലിരുന്ന് ഗുണ്ടാപ്പണിയും ക്വട്ടേഷനും തുടർന്നതാണ്
കഴിഞ്ഞ മാസം പേട്ട പൊലീസ് സ്റ്റേഷന് മൂക്കിന് കീഴിൽ കൊലവിളിക്കും ഏറ്റുമുട്ടലിനും ഇടയാക്കിയത്.
ഒളിവിൽ കഴിയുന്ന ഗുണ്ടാ നേതാക്കൾ വ്യാജ വിലാസങ്ങളിൽ തരപ്പെടുത്തിയ സിം കാർഡുകളും വാട്ട്സ് ആപ് കോളുകളുമാണ് ആശയവിനിമയത്തിന് ഉപയോഗിക്കുന്നത്. ബാങ്ക് അക്കൗണ്ടുകളും നിക്ഷേപങ്ങളും പോലും ബിനാമികളുടെ പേരിലാണ്. മയക്കുമരുന്ന് കേസുകളിൽ പിടിക്കപ്പെട്ടാൽ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് ഭയന്ന് ബന്ധുക്കളുടെയും മറ്റും പേരിലാണ് ഇവരിൽ പലരും വസ്തുവകകൾ വാങ്ങിക്കൂട്ടിയിട്ടുള്ളത്. റിയൽ എസ്റ്റേറ്റിലുൾപ്പെടെ നിക്ഷേപമുള്ളവരും കൂട്ടത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |