തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷ മേയ് 17ന് നടത്തും. ഫിസിക്സ്, കെമിസ്ട്രി എന്നിവ ചേർന്ന ഒന്നാം പേപ്പർ രാവിലെയും മാത്തമാറ്രിക്സിന്റെ രണ്ടാം പേപ്പർ ഉച്ചയ്ക്കുമായിരിക്കും. സിലബസിലും ഫീസിലും മാറ്റമില്ല. എല്ലാ കോഴ്സുകൾക്കും അപേക്ഷിക്കാൻ ജനറൽ വിഭാഗത്തിന് 900രൂപയും പട്ടികജാതിക്കാർക്ക് 400രൂപയുമാണ് ഫീസ്. പട്ടികവർഗ്ഗക്കാർക്ക് ഫീസില്ല.
ഓപ്ഷൻ രജിസ്ട്രേഷന് ഫീസീടാക്കാൻ പ്രോസ്പെക്ടസ് പരിഷ്കരണ സമിതി ശുപാർശ നൽകിയിട്ടുണ്ട്. അഖിലേന്ത്യാ മെഡിക്കൽ ക്വോട്ടയിലെ ഓപ്ഷൻ രജിസ്ട്രേഷൻ മാതൃകയിലാണിത്. അനാവശ്യ ഓപ്ഷൻ തടയാനാണിത്. ഈ ഫീസ് വാർഷിക ഫീസിൽ വകയിരുത്താനും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് തിരികെ നൽകാനുമാണ് ശുപാർശ. ഇത് സർക്കാർ അംഗീകരിച്ചേക്കില്ല. ഭിന്നശേഷി സംവരണത്തിന് അർഹതയുള്ളവർ ജില്ലാ മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കും. പകരം സംസ്ഥാന മെഡിക്കൽ ബോർഡിന്റെ പരിശോധനയാവും പരിഗണിക്കുക. ഒഴിവുണ്ടാവുന്ന എൻ.ആർ.ഐ ക്വോട്ട സീറ്രുകൾ മോപ് അപ് അലോട്ട്മെന്റ് മുതൽ സ്റ്രേറ്റ് മെരിറ്റിലേക്ക് മാറ്റാനുള്ള ഭേദഗതി പ്രോസ്പെക്ടസിലുണ്ടാവും.
മെഡിക്കൽ കോഴ്സുകളായ എം.ബി.ബി.എസിനും ബി.ഡി.എസിനും നീറ്റ് പരീക്ഷയിലെ റാങ്ക് അടിസ്ഥാനത്തിലാണ് പ്രവേശനം. ഇടുക്കി ഗവ. മെഡിക്കൽ കോളജിൽ എൻ.സി.സിക്ക് ഒരു സീറ്റ് അനുവദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |