ന്യൂഡൽഹി: പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശപ്രകാരം ചാര ബലൂൺ വെടിവച്ചിട്ട സംഭവത്തിൽ ചൈനയും അമേരിക്കയും തമ്മിൽ വാക്‌യുദ്ധം നടക്കുന്നതിനിടെ ഞെട്ടിക്കുന്ന പുതിയ റിപ്പോർട്ട് പുറത്ത്. ഇന്ത്യയെയും മറ്റ് രാജ്യങ്ങളെയും ലക്ഷ്യമിട്ട് ചൈന ഒരുകൂട്ടം ചാര ബലൂണുകൾ പ്രവർത്തിപ്പിച്ച് തുടങ്ങി എന്നാണ് ഒരു അമേരിക്കൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്തത്. ഇന്ത്യ അടക്കമുള്ള 40 രാജ്യങ്ങളുടെ എംബസികള്‍ക്ക് ഡെപ്യൂട്ടി സെക്രട്ടറി ഒഫ് സ്റ്റേറ്റ് വെന്‍ഡി ഷെര്‍മാന്‍ ആണ് മുന്നറിയിപ്പ് നല്‍കിയത്.
വ്യോമപരിധിയിൽ ആശങ്ക സൃഷ്ടിച്ച ചൈനീസ് ബലൂണിനെ യു.എസ് വെടിവച്ചിട്ട സംഭവത്തിൽ ശക്തമായ അതൃപ്തിയും പ്രതിഷേധവും ചൈന രേഖപ്പെടുത്തിയിരുന്നു. തിരിച്ചടിക്കുമെന്നും തക്കതായ മറുപടി പ്രതീക്ഷിക്കാമെന്നും ചൈന മുന്നറിയിപ്പ് നൽകി. സിവിലിയൻ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചിരുന്ന തങ്ങളുടെ ബലൂണിനെ ആക്രമിക്കാൻ യു.എസ് സൈന്യത്തെ ഉപയോഗിച്ചെന്നും യു.എസിന്റേത് കടുത്ത തീരുമാനമായിപ്പോയെന്നും ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് റ്റാൻ കെഫെരി അറിയിച്ചിരുന്നു.
അതേസമയം, ബലൂൺ കാലാവസ്ഥാ നിരീക്ഷണത്തിനുള്ളതായിരുന്നെന്നും വഴിതെറ്റി അമേരിക്കയിലെത്തിയതാണെന്നുമുള്ള ചൈനയുടെ വാദം യു.എസ് തള്ളി. അത് നിരീക്ഷണ ബലൂൺ തന്നെയായിരുന്നെന്നും യു.എസിനും കാനഡയ്ക്കും മുകളിലൂടെ ബോധപൂർവം പറത്തി സൈനിക കേന്ദ്രങ്ങളെ അടക്കം നിരീക്ഷിക്കാൻ ശ്രമിച്ചെന്ന് ഉറപ്പുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചിരുന്നു. ലാറ്റിനമേരിക്കയിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട മറ്റൊരു ചൈനീസ് ബലൂണിലും നിരീക്ഷണ ഉപകരണങ്ങൾ ഘടിപ്പിക്കപ്പെട്ടിരുന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |