കോഴിക്കോട്: സ്ത്രീയായി ജനിച്ച് പുരുഷനായി ജീവിച്ച സഹദിനും പുരുഷനായി ജനിച്ച് സ്ത്രീയായി ജീവിച്ച സിയയ്ക്കും കുഞ്ഞു പിറന്നു. പ്രസവിച്ച സഹദിനെ അച്ഛനെന്നും അതിനു നിമിത്തമായ സിയയെ അമ്മയെന്നും വിളിക്കുന്ന അപൂർവ ജീവിതത്തിലേക്കാണ് കുഞ്ഞിന്റെ പിറവി.
കോഴിക്കോട് മെഡിക്കൽകോളേജ് മാതൃശിശുസംരക്ഷണകേന്ദ്രത്തിലായിരുന്നു പ്രസവം. ട്രാൻസ് ജൻഡർ ദമ്പതികൾക്ക് സ്വന്തം ചോരയിൽ ഒരുകുഞ്ഞെന്ന റെക്കാഡ് ഇന്ത്യയിൽ ഒരുപക്ഷെ ഇവർക്കാവും. അച്ഛനും മകളും കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശുസംരക്ഷണകേന്ദ്രത്തിൽ സുഖമായി കഴിയുന്നു.
തിരുവനന്തപുരം സ്വദേശിയായ സഹദാണ് ഇന്നലെ രാവിലെ ഒമ്പതരയോടെ പെൺകുഞ്ഞിന് ജന്മം നൽകിയത്. സിസേറിയനായിരുന്നു. കോഴിക്കോട് സ്വദേശിയും നർത്തകിയും നൃത്താദ്ധ്യാപികയുമായ സിയ പവൽ രേഖകളിൽ സഹദിന്റെ ഭാര്യയാണ്. ട്രാൻസ് ജെൻഡേഴ്‌സ് പട്ടികയിലാണെങ്കിലും
ജീവശാസ്ത്രപരമായ മാറ്റം ഇരുവരും
പൂർണമായി നടത്തിയിരുന്നില്ല.
മൂന്നുവർഷം മുമ്പാണ് ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത്. സഹദ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനാവാനുള്ള തയ്യാറെടുപ്പിലായിരുന്നു. മാറിടം നീക്കം ചെയ്തു. പക്ഷേ, ഗർഭപാത്രം നീക്കം ചെയ്തിരുന്നില്ല.
സ്ത്രീയാവാൻ സിയ ഹോർമോൺ ചികിത്സ തുടങ്ങിയെങ്കിലും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയിരുന്നില്ല.
അതിനിടയിലാണ് രണ്ടുപേർക്കും സ്വന്തം ചോരയിൽ ഒരു കുഞ്ഞുവേണമെന്ന ആഗ്രഹമുണ്ടായത്. മെഡിക്കൽകോളജിൽ മാതൃശിശുസംരക്ഷണകേന്ദ്രം സൂപ്രണ്ട് സി. ശ്രീകുമാറിനെ സന്ദർശിച്ചപ്പോൾ പ്രശ്‌നമില്ലെന്ന് റിപ്പോർട്ട് കിട്ടി.
ഒടുവിൽ ഇന്നലെ രാവിലെ ശസ്ത്രക്രിയയിലൂടെ അവർക്കൊരു പെൺകുഞ്ഞ് പിറന്നു. കോഴിക്കോട് മെഡിക്കൽകോളജ് ഗൈനക്കോളജി വിഭാഗം തലവൻ ഡോ.ജ്യോതിലാലാണ് സർജറിക്ക് നേതൃത്വം നൽകിയത്. സിയയെ വീട്ടുകാർ അഗീകരിച്ചില്ലെങ്കിലും സഹദിന്റെ കുടുംബം കൂടെയുണ്ട്. പ്രസവശുശ്രൂഷക്കായി അരികിൽ അവന്റെ അമ്മയാണുള്ളത്.
#നിയമം വെല്ലുവിളി
പ്രസവിക്കുന്നത് അമ്മയും ജന്മം നൽകുന്നയാൾ അച്ഛനും എന്ന നിയമം ദമ്പതികൾക്ക് വെല്ലുവിളിയാകുമെന്ന് ആശങ്കയുണ്ട്. സഹദിനെ അച്ഛനായി അംഗീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടുകഴിഞ്ഞു. ബെർത്ത് സർട്ടിഫിക്കറ്റ് മുതൽ നിയമയുദ്ധം വേണ്ടിവന്നേക്കും. ട്രാൻസ് ജെൻഡർ രേഖയിൽ സിയയുടെ ഭർത്താവാണ് സഹദ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |