ബംഗളൂരു: തുടർച്ചായ രണ്ടാം മത്സരവും ജയിച്ച് കാലിക്കറ്റ് ഹീറോസ് പ്രൈം വോളിബാൾ ലീഗിന്റെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കുയർന്നു. കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹൈദാരാബാദ് ബ്ലാക്ക് ഹോക്സിനെ 4-1നാണ് കാലിക്കറ്റ് തോൽപ്പിച്ചത്. സ്കോർ: 15-14, 15-12, 15-11, 4-15, 15-14. കാലിക്കറ്റ് ഹീറോസിന്റെ എം.അശ്വിൻ രാജ് ആണ് കളിയിലെ മികച്ച താരം. രണ്ടു മത്സരങ്ങളിൽ നിന്ന് നാലുപോയിന്റുകൾ നേടിയ കാലിക്കറ്റ് സെറ്റ് വ്യത്യാസം ആറാക്കി ഉയർത്തി. കൊൽക്കത്തയാണ് പോയിന്റ് പട്ടികയിൽ രണ്ടാമത്.
കടുത്ത പോരാട്ടം നടന്ന ആദ്യ മൂന്ന് സെറ്റുകൾ നേടി വിജയം സ്വന്തമാക്കിയ കാലിക്കറ്റിനെ ബോണസ് പോയിന്റ് നേടാൻ ഹൈദരാബാദ് അനുവദിച്ചില്ല. നാലാം സെറ്റിൽ ഹീറോസ് വെറും നാല് പോയിന്റുകൾ നേടുന്നതിനിടെ ബ്ലാക്ക് ഹോക്സ് സെറ്റ് പൂർത്തിയാക്കി. അഞ്ചാം സെറ്റിൽ കാലിക്കറ്റ് ലീഡെടുത്തെങ്കിലും ഹൈദരാബാദ് തിരിച്ചടിച്ചു. എന്നാൽ ഇരുടീമുകളുടെയും പോയിന്റ്
14ൽ നിൽക്കെ ശക്തമായ ബ്ലോക്കിലൂടെ കാലിക്കറ്റ് വിജയത്തിന്റെ മാറ്റ് കൂട്ടി.
ഇന്നത്തെ മത്സരങ്ങളിൽ രാത്രി 7ന് മുംബയ് മിറ്റിയോർസ് ബംഗളൂരു ടോർപ്പിഡോസിനേയും രാത്രി 9.30ന് കൊൽക്കത്ത തണ്ടർബോൾട്ട്സ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനേയും നേരിടും.
ഇതോടെ ബംഗളൂരു ലെഗ് മത്സരങ്ങൾ പൂർത്തിയാവും. ഫെബ്രുവരി 15 മുതൽ ഹൈദരാബാദ് ജിഎംസി ബാലയോഗി സ്റ്റേഡിയത്തിലാണ് രണ്ടാം പാദ മത്സരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |