പാറശാല: ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിലെ അതിരുദ്ര മഹായജ്ഞത്തെ തുടർന്ന് വാർഷിക മഹോത്സവത്തിന്റെ സുപ്രധാന ചടങ്ങായ പള്ളിവേട്ടയ്ക്ക് ശേഷം ശിവപാർവതിമാരുടെ ആറാട്ടും നടന്നു. തൃക്കൊടിയിറക്കിയതിനെ തുടർന്ന് പൊലീസിന്റെ അകമ്പടിയോടെ നടന്ന ആറാട്ട് ഘോഷയാത്രയിൽ ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. സുവർണ രഥത്തിൽ ഇരുത്തി വാദ്യമേളങ്ങൾ, ക്ഷേത്ര കലാരൂപങ്ങൾ,നൂറിൽപരം കലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെ നെയ്യാറിലെ കാഞ്ഞിരംമൂട്ട് കടവിൽ എത്തിയ ശിവപാർവതിമാരെ ക്ഷേത്രതന്ത്രി തേറക വേലി മഠം ഗണേഷ് ലക്ഷ്മി നാരയണൻ പോറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക പൂജകളോടെയായിരുന്നു ആറാട്ട്. ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദയുടെ സാന്നിദ്ധ്യത്തിലും ക്ഷേത്ര തന്ത്രിയുടെ നേതൃത്വത്തിലും നടന്ന ആറാട്ട് ചടങ്ങുകളെ തുടർന്ന് നിരവധി ഭക്തർ ആറാട്ട് തീർത്ഥത്തിൽ മുങ്ങിയുയർന്നു. ഇന്ന് വൈകിട്ട് 5.30 ന് നടക്കുന്ന മഹാശിവരാത്രി സമ്മേളനം ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഉദ്‌ഘാടനം ചെയ്യും. വൈകിട്ടത്തെ ഭസ്മാഭിഷേകത്തെ തുടർന്ന് മഹാശിവരാത്രി ആചാരങ്ങളുടെ ഭാഗമായി രാത്രി നാല് യാമങ്ങളിലായി പ്രത്യേക വിശേഷാൽ പൂജകളും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |