കൊച്ചി: സമുദ്രജലനിരപ്പ് ഉയരുന്നതും ഉപരിതലത്തിലെ ചൂട് വർദ്ധിക്കുന്നതും ഉൾപ്പെടെയുള്ള പ്രതിഭാസങ്ങൾ മത്സ്യമേഖലയ്ക്ക് ഭീഷണിയാകുമെന്ന് വിദഗ്ദ്ധർ. കാർബൺ വാതകങ്ങൾ പുറംതള്ളുന്നത് കുറയ്ക്കാൻ മത്സ്യമേഖല പ്രകൃതിസൗഹൃദമാകണമെന്ന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള സമുദ്രശാസ്ത്രജ്ഞരും നയരൂപീകരണ വിദഗ്ദ്ധരും ആവശ്യപ്പെട്ടു.
സുസ്ഥിര മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് സി.എം.എഫ്.ആർ.ഐയിൽ നടന്ന രാജ്യാന്തര സമ്മേളനത്തിലെ ചർച്ചയിലാണ് ഈ ആവശ്യമുയർന്നത്.
കടൽജലനിരപ്പ് ഉയരൽ, കടലിലെ അമ്ലീകരണം, ചുഴലിക്കാറ്റ് പോലുള്ള പ്രകൃതിദുരന്തങ്ങൾ, മത്സ്യ ആവാസവ്യവസ്ഥയിലെ മാറ്റം തുടങ്ങിയവ മത്സ്യമേഖലയെ ദോഷകരമായി ബാധിക്കുന്നുണ്ട്.
സമുദ്രമത്സ്യമേഖലയെ ഹരിതവത്കരിക്കാനുള്ള നീക്കങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ് ജോയിന്റ് സെക്രട്ടറി സാഗർ മെഹ്‌റ പറഞ്ഞു. കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കാൻ മത്സ്യമേഖലയിൽ സുസ്ഥിരരീതികൾ നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. മത്സ്യമേഖലയിൽ പുനരുപയോഗ ഊർജസ്രോതസുകളെ അവലംബിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, മാലിദ്വീപ്, തായ്‌ലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള സർക്കാർ പ്രതിനിധികൾ, നയരൂപീകരണ വിദഗ്ദ്ധർ, സമുദ്രശാസ്ത്രജ്ഞർ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
നാഷണൽ മാരിടൈം ഫൗണ്ടേഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ കമ്മഡോർ ദെബേഷ് ലാഹിരി, ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫൊർമേഷൻ സർവീസസ് (ഇൻകോയിസ്) ബേ ഒഫ് ബംഗാൾ പ്രോഗ്രാം (ബി.ഒ.ബി.പി) ഡയറക്ടർ ഡോ.പി.കൃഷ്ണൻ, ഡോ. എസ്. സാബു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |