തൃശൂർ: തൃശൂരിൽ ലോറി ഡ്രൈവറെ മർദ്ദിക്കുന്ന വിഡിയോ വൈറലായ സംഭവത്തിൽ വഴിത്തിരിവ്. പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഡ്രൈവർക്കെതിരെ കേസെടുക്കും. പൊലീസ് കുട്ടിയുടെ മൊഴിയെടുത്തു. ഡ്രൈവർക്കെതിരെ പോക്സോ പ്രകാരം കേസെടുക്കും, മർദ്ദനമേറ്റതിന് പരാതിയുണ്ടെങ്കിൽ കുട്ടിയുടെ പിതാവിനെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പത്താം ക്ലാസുകാരനായ മകനെ ഉപദ്രവിച്ചതിനാണ് ഡ്രൈവറെ തല്ലിയതെന്ന് പിതാവ് മൊഴി നൽകിയിട്ടുണ്ട്.
ഒല്ലൂരിനടുത്ത് ചെറുശ്ശേരിയിലെ ബെസ്റ്റ് ട്രാൻസ്‌പോർട്ട് ഓഫീസിന് മുന്നിൽ കഴിഞ്ഞ ഡിസംബർ നാലിനായിരുന്നു സംഭവം. ശമ്പളം ചോദിച്ചതിന് ലോറി ഡ്രൈവറെ മർദ്ദിച്ചു എന്ന പേരിലാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ദൃശ്യങ്ങൾ വൈറലായതോടെ പൊലീസ് അന്വേഷണം തുടങ്ങി. ട്രാൻസ്പോർട്ട് കമ്പനിയിൽ നിന്ന് ഡ്രൈവറുടെയും മർദ്ദിച്ചയാളുടെയും വിവരം ശേഖരിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് യാഥാർത്ഥ്യം പുറത്തുവന്നത്. ഒല്ലൂർ പി.ആർ പടിയിൽ പെട്രോൾ പമ്പിൽ എത്തിയ പത്താംക്ലാസ് വിദ്യാർത്ഥിയെ ഡ്രൈവർ ഉപദ്രവിച്ചു. കുതറി മാറിയ ആൺകുട്ടി ബഹളം വച്ചപ്പോൾ പെട്രോൾ പമ്പ് ജീവനക്കാർ എത്തി. അതിനിടെ ഡ്രൈവർ കടന്നു കളഞ്ഞു. തുടർന്ന് സംഭവം അറിഞ്ഞ് ട്രാൻസ്പോർട്ട് കമ്പനിയിലെത്തിയ പിതാവ് ഡ്രൈവറെ മർദ്ദിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |