മാരാമൺ : കേരളം ഇന്നത്തെ അവസ്ഥയിൽ നിന്ന് ഏറെ മാറിയെങ്കിൽ മാത്രമേ യുവതലമുറ ഇവിടെ നിലനിൽക്കൂവെന്ന് ഡോ.ശശി തരൂർ എം.പി. മാരാമൺ കൺവെൻഷനിൽ ഇന്നലെ ഉച്ചകഴിഞ്ഞു യുവവേദി യോഗത്തിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ യുവാക്കളുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ വളരെക്കുറവാണ്. കേരളത്തിൽ നിന്ന് 2016 മുതൽ രാജ്യം വിടുന്ന യുവാക്കളുടെയും വിദ്യാർത്ഥികളുടെയും എണ്ണം കൂടിവരികയാണ്. ശരാശരി അരലക്ഷം ആളുകൾ ഓരോവർഷവും രാജ്യത്തിനു പുറത്തേക്ക് വിദ്യാഭ്യാസ ആവശ്യത്തിനും തൊഴിൽതേടിയും പോകുന്നുവെന്നതാണ് കണക്ക്. ഇത് നമ്മുടെ സംസ്ഥാനത്തെ ഏറെ ക്ഷീണിപ്പിക്കുന്നുവെന്ന് ശശി തരൂർ പറഞ്ഞു. ഇത്തരത്തിലുള്ള ഒഴുക്കിനു പ്രധാന കാരണം കേരളത്തിലെ തൊഴിലില്ലായ്മയാണ്. സാങ്കേതിക മികവുള്ളവരും പ്രഫഷണൽ ബിരുദമുള്ളവരും അടക്കമുള്ള നിരവധി യുവാക്കളാണ് ഓരോവർഷവും കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ തൊഴിൽ രഹിതരായി രജിസ്റ്റർ ചെയ്യുന്നത്. ഇവിടെ അവസരങ്ങൾ കുറയുന്നതോടെ മികവും ബുദ്ധിശേഷിയുമുള്ള നമ്മുടെ കുട്ടികൾ നാടുവിടുകയാണെന്ന് ശശി തരൂർ ചൂണ്ടിക്കാട്ടി.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലും മാറ്റങ്ങൾ അനിവാര്യമായിരിക്കുന്നു. രാജ്യത്തു തന്നെ കരിക്കുലം സമഗ്രമായി അഴിച്ചുപണിയണമെന്നാവശ്യമുണ്ട്. എങ്ങനെ ചിന്തിക്കണമെന്നു പഠിപ്പിക്കുകയാണ് പ്രാഥമികമായി അദ്ധ്യാപകർ ചെയ്യേണ്ടത്. നമ്മുടെ പരീക്ഷ സമ്പ്രദായം തന്നെ അടിമുടി മാറണം. സംസ്ഥാനത്തു തൊഴിൽ മേഖലകളിലെയും സാദ്ധ്യതകൾ വിപുലപ്പെടണം. താൻ ആദ്യം എം.പിയായപ്പോൾ തന്നെ ഹർത്താലിനെ പിന്തുണയ്ക്കില്ലെന്നു വ്യക്തമാക്കിയതാണ്. അത് ഇന്നും പിന്തുടരുന്നു. ഹർത്താൽ രഹിത കേരളമാണ് എന്റെ ലക്ഷ്യം. കേരളത്തിലെ തൊഴിൽ മേഖലയിൽ സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്നും ശശി തരൂർ പറഞ്ഞു. ഡോ.തോമസ് മാർ തീത്തോസ് എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |