ആലുവ: നിശാപാർട്ടികൾക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനി രണ്ട് കോടിയിലേറെ രൂപയുടെ ലഹരിമരുന്നുകളുമായി പിടിയിൽ. ആലുവ കുട്ടമശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന ഈരാറ്റുപേട്ട തടയ്ക്കൽ പള്ളിത്താഴ വീട്ടിൽ കുരുവി അഷ്രു എന്ന് വിളിക്കുന്ന സക്കീർ ബഷീറിനെയാണ് (33) എക്സൈസ് സംഘം കുട്ടമശേരിയിൽ നിന്നു പിടികൂടിയത്. പെരുമ്പാവൂർ കൊച്ചങ്ങാടിയിലെ ബ്യൂട്ടി പാർലർ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം. സക്കീറിന്റെ സഹായികളെ നേരത്തെ ആലുവ റേഞ്ച് എക്‌സൈസ് ടീം കസ്റ്റഡിയിലെടുത്തിരുന്നു. രഹസ്യ വിവരമനുസരിച്ച് ഷാഡോ ടീം കുട്ടമശേരിക്കടുത്ത് വച്ച് ഇയാളുടെ കാർ തടഞ്ഞു. ഇറങ്ങിയോടിയ ഇയാളെ എക്‌സൈസ് ഇൻസ്‌പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു. കാറിൽ നിന്ന് രണ്ട് കിലോ ഹാഷിഷ് ഓയിൽ, 95 അൽപ്രസോളം മയക്കുമരുന്ന് ഗുളികകൾ, 35 നൈട്രോസെപാം ഗുളികകൾ എന്നിവയും പിടിച്ചെടുത്തു. ഗ്രീൻ ലേബൽ വിഭാഗത്തിൽപ്പെടുന്ന ഏറ്റവും മുന്തിയ ഇനം ഹാഷിഷാണ് പിടിച്ചെടുത്തത്. ഹിമാചൽപ്രദേശിലെ കുളു, മണാലി എന്നിവിടങ്ങളിൽ നിന്ന് ഏജന്റുമാർ വഴിയാണ് ഇയാൾ ഹാഷിഷ് ഓയിൽ എത്തിക്കുന്നത്. മായം ചേർക്കാത്ത മയക്കുമരുന്നായതിനാൽ ആവശ്യക്കാർ ഏറെയാണ്. മുൻകൂർ ഓർഡർ അനുസരിച്ചാണ് നിശാപാർട്ടികൾക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത്. കാൻസർ രോഗികൾക്ക് ഉപയോഗിക്കുന്ന മയക്കുമരുന്നാണ് അൽപ്രസോളം. ഇതിന്റെ അളവും ഉപയോഗക്രമവും പാളിയാൽ തളർച്ചയ്ക്കും ജീവഹാനിക്കുവരെ സാദ്ധ്യതയുണ്ട്. മാനസിക വിഭ്രാന്തിയുള്ളവർക്ക് നൽകുന്നതാണ് നൈട്രോസെപാം ഗുളികകൾ.
മൈസൂരിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്ന് വില്പന നടത്തിയിരുന്നത്. സുഹൃത്തായ ഇറാനിയൻ സ്വദേശി വഴിയാണ് കുളു, മണാലി എന്നിവിടങ്ങളിൽ നിന്ന് ഹാഷിഷ് ഓയിൽ വാങ്ങുന്നത്. മയക്കുമരുന്ന് വില്പനയുടെ രഹസ്യ സ്വഭാവം നിലനിറുത്തുന്നതിനായി ഭീകരഗ്രൂപ്പുകൾ ഉപയോഗിക്കുന്ന ടെലിഗ്രാം മെസഞ്ചർ ആപ്പ് വഴിയാണ് സന്ദേശങ്ങൾ കൈമാറിയിരുന്നത്.
പുതുമുഖങ്ങളെ മയക്ക് മരുന്നുകൾ ഉപയോഗിക്കാനും ഇയാൾ പഠിപ്പിച്ചിരുന്നതായി അന്വേഷണ സംഘം അറിയിച്ചു. അൽപ്രാസോളം മയക്കുമരുന്ന് ഗുളിക കഴിച്ചതിന് ശേഷം ഹാഷിഷ് ഓയിൽ ഉപയോഗിക്കുകയാണെങ്കിൽ 24 മണിക്കൂർ ഉന്മാദം നിലനിൽക്കുമെന്ന് ഇയാൾ ഉപദേശിക്കാറുണ്ട് . 'കിളി പോയി' എന്നാണ് ഇൗഅവസ്ഥയെ വിശേഷിപ്പിക്കുന്നത്. ആലുവ കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |