
തൃശൂർ: കേരളത്തിലെ കാർഷിക സംസ്‌കാരത്തിന് വെള്ളവും വളവുമായ ആകാശവാണിയിലെ ' വയലും വീടും' പരിപാടി 60 വർഷം പിന്നിടുന്നു. 60കളിലെ രാജ്യത്തെ ഭക്ഷ്യക്ഷാമമെങ്ങനെ മറികടക്കാമെന്ന ചിന്തയിലാണ് 1966 ആഗസ്റ്റ് 11ന് 'വയലും വീടും' എന്ന പരിപാടി ഉടലെടുക്കുന്നത്. അന്ന് രാജ്യത്ത് ആരംഭിച്ച പത്ത് റേഡിയോ നിലയങ്ങളിലും വിവിധ കാർഷിക പരിപാടികൾ ആരംഭിച്ചു. 1956 നവംബർ നാലിന് ആരംഭിച്ച തൃശൂർ ആകാശവാണി നിലയത്തിന്റെ, ആദ്യ സ്വതന്ത്ര പ്രക്ഷേപണമാണ് 'വയലും വീടും'. കേരളത്തിലെ കൃഷിരീതികൾ, പരിചരണം, പുതിയ പരീക്ഷണം തുടങ്ങിയവ മലയാളികളുടെ കാർഷിക ജീവിതത്തെ പുതുക്കിപ്പണിയാൻ സഹായിച്ചു. രാജ്യത്ത് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിക്കുന്ന ദിവസം ഒഴികെ മറ്റെല്ലാ ദിവസവും വൈകിട്ട് 6.50 മുതൽ 7.20 വരെയാണ് വയലും വീടും പ്രക്ഷേപണം ചെയ്യുന്നത്.
അണിയറയിൽ പ്രഗത്ഭർ
എസ്.വേണു, പി.പത്മരാജൻ, ഭാര്യ രാധാലക്ഷ്മി, സുകുമാര മേനോൻ, എസ്.രമേശൻ നായർ, എൻ.എൻ.കക്കാട് എന്നിവരായിരുന്നു ആദ്യകാല അനൗൺസർമാർ. കൃഷി വകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ നിയോഗിക്കപ്പെട്ട മാത്തൂർ രാമചന്ദ്രപണിക്കർ, ഗോവിന്ദരാജ, കെ.എൻ.കുറുപ്പ്, കെ.കെ.കുര്യൻ എന്നിവരായിരുന്നു ഇതിലെ ഫാം റേഡിയോ ഓഫീസർമാർ. സ്‌ക്രിപ്‌റ്റ് എഴുതാനായി കോവിലൻ, മാടമ്പ് കുഞ്ഞുക്കുട്ടനും പിന്നീട് അക്കിത്തവുമെത്തി. പശ്ചാത്തല സംഗീതമില്ലാതെയുള്ള പരിപാടി പിന്നീട് ഇന്ന് കേൾക്കുന്ന എം.ജി.രാധാകൃഷ്ണന്റെ സംഗീതത്തോടെയുള്ള തുടക്കമായി. പാലക്കാട് മുതൽ തെക്ക് കുട്ടനാട് വരെയുള്ള കർഷകരുടെ അനുഭവങ്ങളും അറിവുകളും കേരളത്തിലെങ്ങും അലയടിക്കുകയും പിന്നീട് മറ്റ് നിലയങ്ങളിലും പരിപാടി പ്രക്ഷേപണം ചെയ്തുതുടങ്ങി.
തുടർച്ചയായി കൃഷിപാഠം
ആദ്യം ചെമ്പൂക്കാവിലും പിന്നെ പൂങ്കുന്നം രമാദേവി മന്ദിരത്തിനടുത്ത വാടകക്കെട്ടിടത്തിലും പ്രവർത്തനമാരംഭിച്ച ആകാശവാണിയുടെ 20 കിലോവാട്ട് ട്രാൻസ്മിറ്റർ, രാമവർമ്മപുരത്തായിരുന്നു. അതിനകത്തെ ചെറിയൊരു സ്റ്റുഡിയോയിലായിരുന്നു റെക്കാഡിംഗ്. പിൽക്കാലത്ത് 'കൃഷിപാഠം'ആരംഭിച്ചതും ഇതിന്റെ തുടർച്ചയിലാണ്. എന്നാൽ വയലും വീടും പരിപാടി ഇപ്പോൾ ജീവനക്കാരുടെ കുറവ് മൂലം കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ നിന്ന് റിലേ വാങ്ങുകയാണ് തൃശൂർ നിലയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |