പാലാ : കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ മറവിൽ ഒറ്റ നമ്പർ ചൂതാട്ടം നടത്തിവന്ന ലോട്ടറി ഏജൻസി ഉടമയേയും വില്പനക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. പാലാ ടി.ബി റോഡിൽ പ്രവർത്തിക്കുന്ന കാരുണ്യ ലക്കി സെന്റർ ഉടമ പാലാ കവിക്കുന്ന് മുരിങ്ങോട്ട് മാത്യു (58), വില്പനക്കാരനായ അരുണാപുരം വലിയമനത്താനത്ത് വിനയചന്ദ്രൻ (54) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാവുന്നത്. ദിവസേന നറുക്കെടുക്കുന്ന കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം അടിക്കുന്ന നമ്പറിന്റെ അവസാനത്തെ അക്കത്തിന്റെ മറവിലാണ് ചൂതാട്ടം നടന്നത്. ആവശ്യപ്പെടുന്ന ഒറ്റ നമ്പറിന് 60 രൂപ നിരക്കിലായിരുന്നു വിൽപ്പന. ഒന്നാം സമ്മാനം അടിക്കുന്ന ടിക്കറ്റ് അവസാന നമ്പർ ശരിയായി വരുന്നവർക്ക് ഒരു നമ്പറിന് 500 രൂപ വീതമാണ് സമ്മാനമായി നൽകിയിരുന്നത്. പരിശോധനയിൽ നറുക്കെടുപ്പ് കഴിഞ്ഞ ലോട്ടറിയുടെ നമ്പർ അടയാളപ്പെടുത്തിയ ടിക്കറ്റുകൾ പിടിച്ചെടുത്തു. ഇടപാടുകാരെ തിരിച്ചറിയുന്നതിന് നൽകുന്ന പ്രത്യേകം സീരിയൽ നമ്പർ പതിപ്പിച്ച കാർഡുകളും കണ്ടെടുത്തു. ഇരുവരെയും കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |