കോട്ടയം . കത്തുന്ന ചൂട്. ശരീരവും മനസും തിളച്ചുമറിയുന്ന നിമിഷം. വേനൽ കത്തിക്കയറുന്പോൾ ശരീരം തണ്ണുപ്പിക്കാൻ എന്താണ് ബെസ്റ്റ് ? ഉത്തരം ഒന്നേയുള്ളൂ, തണ്ണിമത്തൻ. കനത്ത ചൂടിൽ പാതയോരങ്ങളിൽ തണ്ണിമത്തൻ കച്ചവടം പൊടിപൊടിക്കുകയാണ്. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് തണ്ണിമത്തൻ എത്തുന്നത്. സാധാരണ തണ്ണിമത്തനു പുറമേ കിരണും ഉള്ളിൽ മഞ്ഞ നിറമുള്ള തണ്ണിമത്തനും വിപണിയിൽ സുലഭമാണ്. മധുരമേറിയതും കുരു അധികമില്ലാത്തതുമായ കിരൺ ഇനം തണ്ണിമത്തന് ആവശ്യക്കാർ ഏറെയാണ്. കിരണിന് 25 രൂപയും മഞ്ഞ തണ്ണിമത്തന് 30 - 40 രൂപയുമാണ് വില. 25രൂപ മുതൽ 30 വരെ കൊടുക്കണം ഒരു ഗ്ലാസ് തണ്ണിമത്തൻ ജ്യൂസിന്.
ശരീരത്തിൽ ജലാംശം നിലനിറുത്താൻ തണ്ണിമത്തൻ ഉത്തമമെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വൈറ്റമിനുകളായ സി, എ, പാന്തോതെനിക് ആസിഡ്, പൊട്ടാസ്യം, കോപ്പർ, കാത്സ്യം എന്നിവ മിതമായ അളവിൽ തണ്ണിമത്തനിലുണ്ട്. ലൈസോപീൻ ആണ് തണ്ണിമത്തന് ചുവന്ന നിറം നൽകുന്നത്. ലൈസോപീനും വൈറ്റമിൻ സിയും മറ്റും ചേർന്ന് കാൻസറിനെ പ്രതിരോധിക്കും. മാത്രമല്ല, ഹൃദയാരോഗ്യത്തിനും ഉത്തമമാണ്. വേനൽ കടുക്കുന്നതോടെ വിപണി കൂടുതൽ സജീവമാകുമെന്നാണ് തണ്ണിമത്തൻ വ്യാപാരികളുടെ പ്രതീക്ഷ.
ഇളനീർ വിപണിയും സജീവം.
ഇളനീർ (കരിക്ക്) വില്പനയും സജീവമാണ്. ദാഹമകറ്റാൻ കൃത്രിമപാനീയങ്ങൾ ഏറെയാണെങ്കിലും കരിക്കിന് തന്നെയാണ് ഡിമാൻഡെന്ന് കച്ചവടക്കാർ പറയുന്നു. പോഷകഘടകങ്ങൾ ഏറെയുള്ള കരിക്ക് ദാഹമകറ്റാനും ശരീരം തണുപ്പിക്കുന്നതിനും താപനില നിലനിറുത്തുന്നതിനും നല്ലതാണ്. ധാരാളം ആന്റി ഓക്സിഡന്റ്സും ധാതുക്കളും അടങ്ങിയ കരിക്കിൻ വെള്ളം രക്തസമ്മർദ്ദം കുറയ്ക്കാനും, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും. കരിക്കിന്റെ ഇളം കാമ്പ് കഴിച്ച് വിശപ്പടക്കാമെന്നതും സവിശേഷതയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |