കൊച്ചി: ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതിയിലേക്ക് 251.63 കോടി രൂപ ഇനിയും അടയ്ക്കാനുണ്ടെന്നും, ഇതിന് മതിയായ സാമ്പത്തിക സഹായം നൽകാൻ സർക്കാരിനോട് നിർദ്ദേശിക്കണമെന്നും കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.
പങ്കാളിത്ത പെൻഷൻ പദ്ധതിയിലേക്ക് ജീവനക്കാരിൽ നിന്ന് പിടിച്ച തുക അടയ്ക്കാൻ കെ.എസ്.ആർ.ടി.സിക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് 106 ജീവനക്കാർ നൽകിയ ഹർജിയിലാണ് ഇത് വ്യക്തമാക്കി കെ.എസ്.ആർ.ടി.സി ഡെപ്യൂട്ടി ലാ ഓഫീസർ പി.എൻ. ഹേന സത്യവാങ്മൂലം നൽകിയത്.
പങ്കാളിത്ത പെൻഷൻ പദ്ധതി ഏർപ്പെടുത്തിയ 2014 മുതലുള്ള കണക്കനുസരിച്ച് 333.36 കോടി രൂപ അടയ്ക്കണം. കൊവിഡിനെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ 81.73 കോടി രൂപ മാത്രമാണ് അടച്ചത്. ഹർജിക്കാരുടെ കുടിശിക നൽകാൻ മാത്രം 15 കോടി വേണം. പ്രതിമാസ കളക്ഷനിൽ നിന്ന് ഇത്രയും തുക നീക്കിവയ്ക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ കഴിയില്ല. ആയിരത്തിലേറെ പെൻഷൻകാർക്ക് റിട്ടയർമെന്റ് ആനുകൂല്യങ്ങൾ നൽകാൻ ദിവസ കളക്ഷനിൽ പത്തു ശതമാനം മാറ്റിവയ്ക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
കെ.എസ്.ആർ.ടി.സിയുടെ ശരാശരി ദിവസ കളക്ഷൻ ആറു കോടിയാണ്. ഇതിൽ 2.5 - 3 കോടി രൂപ ഇന്ധനത്തിന് നൽകണം. ഒരു കോടി രൂപ ബാങ്കുകളുടെ കൺസോർഷ്യത്തിലേക്ക് പോകും. ശമ്പളം നൽകാൻ പ്രതിദിനം 2.5 കോടി രൂപ മാറ്റിവയ്ക്കണം. ദിവസ കളക്ഷൻ ഇതിനു തന്നെ തികയുന്നില്ല. 2007മുതൽ 2020വരെ സൗജന്യ യാത്രാപാസുകൾ നൽകിയതിലൂടെ 2351.93 ലക്ഷത്തിന്റെ നഷ്ടമുണ്ട്. ഈ തുക സർക്കാർ നൽകിയാൽ പങ്കാളിത്ത പെൻഷൻ പദ്ധതിയിലേക്കുള്ള കുടിശിക അടയ്ക്കാൻ കഴിയുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |