റായ്പൂർ: പുതിയ പാർട്ടി പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പിന് പകരം നോമിനേഷൻ മതിയെന്ന് സ്റ്റിയറിംഗ് കമ്മിറ്റി രണ്ടര മണിക്കൂർ ചർച്ച ചെയ്ത് ഏകകണ്ഠമായാണ് തീരുമാനിച്ചതെന്ന് പാർട്ടി വക്താവും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ജയ്റാം രമേശ് പറഞ്ഞു.
തുറന്ന ചർച്ച നടന്നു. രാജ്യത്തെ രാഷ്ട്രീയ സാഹചര്യം, വെല്ലുവിളികൾ, മുഖ്യപ്രതിപക്ഷ പാർട്ടിയെന്ന ഉത്തരവാദിത്വം തുടങ്ങിയവ കണക്കിലെടുത്തു. ദളിത്, ഒ.ബി.സി, ന്യൂനപക്ഷ, യുവ, വനിതാ പ്രാതിനിദ്ധ്യത്തിനും നാമനിർദ്ദേശ രീതിയാണ് ഫലപ്രദമെന്ന് സ്റ്റിയറിംഗ് കമ്മിറ്റി വിലയിരുത്തി. ഇന്നും നാളെയുമായി പ്ളീനറി സമ്മേളനത്തിൽ ഭരണഘടനയിലെ 32 ചട്ടങ്ങളിലും 16 നിയമങ്ങളിലും സബ്ജക്ട് കമ്മിറ്റി നൽകിയ ഭേദഗതി നിർദ്ദേശങ്ങൾ ചർച്ച ചെയ്ത് അംഗീകരിക്കും.
ഇന്ന് രാവിലെ 10.30ന് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ പ്രസംഗത്തോടെ പ്ളീനറി സമ്മേളനത്തിന് തുടക്കമാകും. സോണിയാ ഗാന്ധിയും ഇന്ന് സംസാരിക്കും. രാഹുലിന്റെ പ്രസംഗം നാളെയാണ്. ഇന്നലെ സബ്ജക്ട് കമ്മിറ്റി തയ്യാറാക്കിയ രാഷ്ട്രീയ, ധനകാര്യ, അന്താരാഷ്ട്ര പ്രമേയങ്ങളും ഇന്ന് ചർച്ച ചെയ്യും.
ആരോഗ്യകാരണങ്ങളാൽ സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ എ.കെ.ആന്റണി, ഉമ്മൻചാണ്ടി, മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ വി.എം. സുധീരൻ എന്നിവരും കെ.പി.സി.സിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്ളീനറിയിൽ പങ്കെടുക്കുന്നില്ല. വോട്ടവകാശമുള്ള 47 പേരടക്കം 63 പ്രതിനിധികളാണ് കേരളത്തിൽ നിന്നുള്ളത്.
ഒ.ബി.സി സംവരണം
ഉൾപ്പെടുത്തി
വിവിധ സമിതികളിൽ 50 ശതമാനം പദവികൾ പട്ടിക, ഒ.ബി.സി, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സംവരണം ചെയ്യണമെന്ന
ഉദയ്പൂർ ചിന്തൻ ശിബിരത്തിന്റെ ശുപാർശയും പാർട്ടി ഭരണഘടനാ ഭേദഗതിയിൽ ഉൾപ്പെടുത്തി.കഴിഞ്ഞ മേയിൽ നടന്ന ചിന്തൻ ശിബിരത്തിൽ സൽമാൻഖുർഷിദിന്റെ സാമൂഹ്യനീതി ഉപസമിതിയുടെ സുപ്രധാന ശുപാർശകൾ പ്രവർത്തക സമിതിയിലെ ഭിന്നത മൂലം മാറ്റിവച്ചിരുന്നു.
കേരള നേതാക്കൾക്കിടയിലെ
ഭിന്നത പ്ളീനറി വേദിയിലും
റായ്പൂർ: കെ.പി.സി.സിയിലെ പടലപ്പിണക്കം റായ്പൂർ പ്ളീനറി സമ്മേളന വേദിയിൽ മറനീക്കി പുറത്തേക്ക്. എ.ഐ.സി.സി അംഗങ്ങളുടെ പട്ടികയിൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല അതൃപ്തി പരസ്യമാക്കിയതിന്.പിന്നാലെ, പ്രതികരണവുമായി കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തി.
ചർച്ചയില്ലാതെയാണ് പട്ടിക തയ്യാറാക്കിയതെന്ന് രമേശ് ചെന്നിത്തല ഇന്നലെ പ്ളീനറി വേദിയിൽ വച്ച് തുറന്നടിച്ചു. അഭിപ്രായ വ്യത്യാസമുണ്ടെന്നും നാട്ടിലെത്തിയ ശേഷം കൂടുതൽ പറയാമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതു തള്ളിയ വി.ഡി. സതീശൻ ,കൂടിയാലോചനകൾക്ക് ശേഷമാണ് ക്ഷണിതാക്കളെ ഉൾപ്പെടുത്തിയതെന്നും ഗ്രൂപ്പ് മാനേജർമാരിൽ നിന്ന് പട്ടിക വാങ്ങി അപ്പാടെ പ്രസിദ്ധീകരിക്കുന്ന രീതി നിറുത്തിയെന്നും വ്യക്തമാക്കി. ചെന്നിത്തലയുടെ ആരോപണങ്ങളിൽ കഴമ്പില്ലെന്നും, വേണ്ടി വന്നാൽ പട്ടിക പ്രസിദ്ധീകരിക്കുമെന്നും സുധാകരനും പ്രതികരിച്ചു.
കെ.പി.സി.സി നേതൃത്വവുമായുള്ള ഭിന്നത മൂലം മുൻ അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്ളീനറി സമ്മേളനത്തിൽ നിന്ന് വിട്ടു നിൽക്കുന്നതും സജീവ ചർച്ചയാണ്. പ്രധാന കാര്യങ്ങളിൽ താനുമായി ആലോചിക്കുന്നില്ലെന്ന് അദ്ദേഹം പരാതിപ്പെടുന്നു. എന്നാൽ മുല്ലപ്പള്ളിയാണ് സഹകരിക്കാത്തതെന്ന് ഇന്നലെ കെ.സുധാകരൻ പറഞ്ഞു.
കോൺഗ്രസ് പ്രചാരണം രാജ്യത്തെ 7 മേഖലകളിൽ
റായ്പൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്തെ ഏഴ് മേഖലകളാക്കി തിരിച്ച് പ്രചാരണം നടത്താൻ റായ്പൂർ കോൺഗ്രസ് പ്ളീനറി സമ്മേളനത്തിൽ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തിൽ നിർദ്ദേശം. വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ ഒരു മേഖലയിൽ ഉൾപ്പെടുത്തും. രാഷ്ട്രീയ, സാമ്പത്തിക, അന്താരാഷ്ട്ര പ്രമേയങ്ങൾ ഇന്ന് ചർച്ച ചെയ്യും. ഇഡി, സി.ബി.ഐ തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ കക്ഷികളെ എതിരിടുന്ന ബി.ജെ.പിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തെ നേരിടുമെന്ന പ്രഖ്യാപനവും കരട് രാഷ്ട്രീയ പ്രമേയത്തിലുണ്ട്. ജി.എസ്.ടി നഷ്ടപരിഹാര കാലാവധി നീട്ടൽ, സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഉയർത്തൽ തുടങ്ങിയ ആവശ്യങ്ങളും ഉൾപ്പെടുത്തി.
മനസ് റായ്പൂരിൽ, പ്രതിപക്ഷത്തെ
ഏകോപിപ്പിക്കണം: ഉമ്മൻചാണ്ടി
തിരുവനന്തപുരം: ആരോഗ്യപരമായ കാരണങ്ങളാൽ റായ്പൂർ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും തന്റെ മനസ് റായ്പൂരിലെന്ന് ഉമ്മൻചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്ര്. പ്രതിപക്ഷത്തെ ഏകോപിപ്പിക്കാൻ ഈ സമ്മേളനത്തിലൂടെ കോൺഗ്രസിന് കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോൺഗ്രസിന്റെയും രാജ്യത്തിന്റെയും ചരിത്രത്തിലെ സുപ്രധാനമായ സമ്മേളനം റായ്പൂരിൽ ആരംഭിച്ചിരിക്കുകയാണ്. മല്ലികാർജുൻ ഖാർഗെ അദ്ധ്യക്ഷനായതിനുശേഷമുള്ള സമ്മേളനമാണിത്. ജനാധിപത്യ വിശ്വാസികൾ പ്രതീക്ഷയോടെയാണ് എ.ഐ.സി.സി സമ്മേളനത്തെ നോക്കിക്കാണുന്നത്. നമ്മുടെ ഭരണഘടനയെയും ജനാധിപത്യ സ്ഥാപനങ്ങളെയും അട്ടിമറിക്കാനും അടിച്ചമർത്താനുമാണ് കേന്ദ്രസർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മതേതര മൂല്യങ്ങളും അഭിപ്രായസ്വാതന്ത്ര്യങ്ങളും ഭീഷണിയെ നേരിടുന്ന കാലമാണിത്.
പ്രതിപക്ഷത്തെ ഏകോപിപ്പിക്കാനും നയിക്കുവാനുമുള്ള ചുമതല നിർവഹിക്കുവാൻ റായ്പൂർ സമ്മേളനത്തിലൂടെ കോൺഗ്രസിന് കഴിയണം. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര സൃഷ്ടിച്ച ആവേശം കോൺഗ്രസിനും പ്രവർത്തകർക്കും വലിയ പ്രതീക്ഷയും നൽകിയിട്ടുണ്ട്. റായ്പൂർ സമ്മേളനം വമ്പിച്ച വിജയമാകാൻ എല്ലാവിധ ആശംസകളും നേരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്രിലൂടെ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |