കൊച്ചി: യുക്രെയിനിലെ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികളുടെ ദുരിതത്തിന് അറുതിയില്ല. യുദ്ധം തുടരുന്ന സാഹചര്യത്തിൽ സമീപരാജ്യങ്ങളിലേക്ക് നിരവധിപേർ പഠനം മാറ്റി. യുക്രെയിനിൽ തിരിച്ചെത്താൻ കഴിയാത്തവർ ഓൺലൈൻ പഠനം തുടരുകയാണ്. കോഴ്സ് പൂർത്തിയാക്കിയവർക്ക് പ്രാക്ടീസ് ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
ഇന്ത്യക്കാരായ 20,000ത്തോളം വിദ്യാർത്ഥികളാണ് എം.ബി.ബി.എസ് പഠനത്തിന് യുക്രെയിനിലുണ്ടായിരുന്നത്. യുദ്ധം ആരംഭിച്ചശേഷം സർക്കാർ നടത്തിയ ഒഴിപ്പിക്കലിൽ 16,000 ത്തോളം വിദ്യാർത്ഥികൾ മടങ്ങിയെന്നാണ് അനൗദ്യോഗിക കണക്ക്. ഇവരിൽ 3,600 പേർ മലയാളികളാണ്. യുദ്ധം നീണ്ടതോടെ വിദേശ വിദ്യാർത്ഥികൾക്ക് സമീപരാജ്യങ്ങളിൽ തുടർപഠനം നടത്താൻ യുക്രെയിനിലെ സർവകലാശാലകൾ അനുമതി നൽകിയിരുന്നു. 'അക്കാഡമിക് മൊബിലിറ്റി പ്രോഗ്രാം' എന്നപേരിലാണ് പദ്ധതി തയ്യാറാക്കിയത്. ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, ജോർജിയ, കിർഗിസ്ഥാൻ എന്നിവിടങ്ങളിലെ സർക്കാർ സർവകലാശാലകളിൽ പഠിക്കാനാണ് അനുമതിപത്രം നൽകിയത്.
നൂറുകണക്കിന് വിദ്യാർത്ഥികൾ ഇത്തരത്തിൽ മാറി. ഭൂരിപക്ഷം മലയാളികളും സൗകര്യം പ്രയോജനപ്പെടുത്തി. പഠിക്കുന്നത് മറ്റു രാജ്യങ്ങളിലാണെങ്കിലും ബിരുദ സർട്ടിഫിക്കറ്റ് യുക്രെയിനിലെ അതാത് സർവകലാശാലകൾ നൽകുമെന്നാണ് കരാർ. 2022 നവംബറിലാണ് രാജ്യം മാറിയുള്ള പഠനം ആരംഭിച്ചത്. യുക്രെയിനിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് റഷ്യയിലും തുടർപഠനത്തിന് അവസരം ലഭിച്ചു. ന്യൂഡൽഹിയിലെ എംബസിയാണ് സൗകര്യം ഒരുക്കിയത്. ട്യൂഷൻ, ഹോസ്റ്റൽ ഫീസുകളിൽ ഇളവും നൽകി.
തിരിച്ചെത്തിയവരിൽ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളാണ് ഏറ്റവുമധികം പിരിമുറുക്കം അനുഭവിച്ചത്. ഇവർക്ക് ഇന്ത്യൻ മെഡിക്കൽ കോളേജുകളിൽ പഠിക്കാനും ഇന്റേൺഷിപ്പ് ചെയ്യാനും സുപ്രീംകോടതി നിർദ്ദേശപ്രകാരം കേന്ദ്രവും നാഷണൽ മെഡിക്കൽ കമ്മിഷനും അനുമതി നൽകി. കോഴ്സ് കാലാവധി പൂർത്തിയായെങ്കിലും പഠിച്ച രാജ്യത്ത് ഇന്റേൺഷിപ്പ് ചെയ്യണമെന്ന വ്യവസ്ഥ പാലിക്കാൻ കഴിഞ്ഞിട്ടില്ല. ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ ആവശ്യമായ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് പരീക്ഷ എഴുതാനും കഴിയുന്നില്ല.
യുക്രെയിനിൽ തിരിച്ചെത്താനോ മറ്റു രാജ്യങ്ങളിൽ തുടർപഠനം നടത്താനോ കഴിയാത്തവർ ഓൺലൈൻ ക്ളാസുകളെയാണ് ആശ്രയിക്കുന്നത്. ഇവർക്ക് പ്രായോഗിക പരിശീലനം ലഭിക്കുന്നില്ലെന്ന് വിദേശ മെഡിക്കൽ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ സംഘടന പറഞ്ഞു. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും യുദ്ധം അവസാനിക്കാത്ത സാഹചര്യത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |