വള്ളിക്കുന്ന്: വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം ഉയർത്തുന്ന പ്രവൃത്തി ആരംഭിച്ചു. അടിപ്പാലം നിർമ്മാണത്തിന് ശേഷം റെയിൽവേ പാത ഉയരം കൂടിയതിനാൽ പ്ലാറ്റ്ഫോമും റെയിൽപാതയും ഒരേ ഉയരത്തിലാണ് ഇപ്പോൾ. ഇതോടെ ട്രെയിനിൽ കയറാനും ഇറങ്ങാനും യാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നുണ്ട്.
വള്ളിക്കുന്ന് റെയിൽവേ പ്ലാറ്റ്ഫോമിന്റെ ഉയരക്കുറവ് മൂലം അപകടങ്ങൾ പതിവായ സാഹചര്യത്തിൽ വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ ഡെവലപ്മെന്റ് കമ്മിറ്റി ഡോ.അബ്ദുസ്സമദ് സമദാനി എം.പിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് അദ്ദേഹം റെയിൽവേ മന്ത്രിയുമായി നടത്തിയ ചർച്ചകളെ തുടർന്ന് രണ്ടരക്കോടി രൂപ അനുവദിച്ചു.
സതേൺ റെയിൽവേ ജനറൽ മാനേജറെ റെയിൽവേ സ്റ്റേഷൻ ഡെവലപ്മെന്റ് കമ്മിറ്റി ഭാരവാഹികൾ സന്ദർശിച്ച് വിഷയത്തിന്റെ ഗൗരവം ബോധിപ്പിച്ചിരുന്നു. വള്ളിക്കുന്ന് നിവാസികളുടെയും ട്രെയിൻ യാത്രക്കാരുടെയും ഏറെക്കാലത്തെ ആവശ്യം യാഥാർത്ഥ്യമാവുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ ഡെവലപ്മെന്റ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. എത്രയും വേഗം പണി പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് റെയിൽവേ സീനിയർ സെക്ഷൻ എഞ്ചിനീയർ ആബിദ് പരാരിയും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |