മണിമല: പത്തുമാസം മുമ്പ് പാലുകാച്ചിയ ഇരുനില വീട്ടിലുണ്ടായ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് കിടപ്പുരോഗിയായ വീട്ടമ്മ വെന്തുമരിച്ചു. ഹോളിമാഗി പള്ളിക്കു സമീപം പാറവിള മേരിയാണ് (രാജമ്മ -72) മരിച്ചത്. അബോധാവസ്ഥയിലായ ഭർത്താവ് ശെൽവരാജ് (74) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. മാതാപിതാക്കളെ രക്ഷിക്കാൻ മുകൾനിലയിൽ നിന്ന് ചാടിയ മകൻ ബിനീഷിന്റെ കാലൊടിഞ്ഞു.
വ്യാഴാഴ്ച രാത്രി 12നായിരുന്നു നാടിനെ നടുക്കിയ ദുരന്തം. മേരിയും സെൽവരാജും താഴത്തെ നിലയിലാണ് ഉറങ്ങിയിരുന്നത്. ഇവിടത്തെ ഹാളിലെ വയറിംഗിൽ നിന്നാണ് തീ പടർന്നത്. ഈ സമയം ബിനീഷും ഭാര്യ ലോഹ്യയും മുകൾനിലയിലെ മുറിയിലും മക്കളായ ഹാരോണും (10), ഹർഷയും (9) സമീപത്തെ മുറിയിലുമായിരുന്നു.
സംഭവ സമയം ബിനീഷ് ഉറങ്ങിയിരുന്നില്ല. പ്ലാസ്റ്റിക് കരിഞ്ഞ ഗന്ധത്തെ തുടർന്ന് താഴേക്ക് നോക്കിയപ്പോഴാണ് ഒന്നാം നിലയിൽ പുക നിറഞ്ഞത് കണ്ടത്. രക്ഷിക്കണമെന്ന പിതാവിന്റെ വിളിയും കേൾക്കാമായിരുന്നു. എന്നാൽ താഴേക്കിറങ്ങാൻ കഴിയാത്ത വിധം ചൂടും പുകയുമായിരുന്നു. ഉടൻ ഭാര്യയെയും മക്കളെയും രണ്ടാം നിലയിലെ ബാൽക്കണിയിലേക്ക് മാറ്റി. പിതാവിനോട് അടുക്കള വാതിൽ തുറക്കാൻ പറഞ്ഞശേഷം ബാൽക്കണിയിൽ നിന്ന് മുറ്റത്തേക്ക് ചാടി. ഇതിനിടെ കാലൊടിഞ്ഞു. അതവഗണിച്ച് മുൻവശത്തെ സ്റ്റീൽ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടെ അടുക്കളയിലേക്ക് പോയ ശെൽവരാജ് ബോധരഹിതനായി.
ഗ്യാസ് സിലിണ്ടർ മാറ്റി, വൻ ദുരന്തം ഒഴിവായി
അയൽവാസികൾ ചുറ്റികയ്‌ക്കാണ് വാതിൽ പൊളിച്ചത്. ഉടൻ അടുക്കളയിലെ പാചകവാതക സിലിണ്ടർ മാറ്റി. തുടർന്ന് ശെൽവരാജിനെ പുറത്തെത്തിച്ചു. ഈ സമയം മേരി കിടന്നിരുന്ന മുറിയിൽ പുകയും ചൂടും നിറഞ്ഞിരുന്നു. നാട്ടുകാർ മേരിയെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിച്ചു. അതിനിടെ നാട്ടുകാരുടെ സഹായത്തോടെ ലോഹ്യ മക്കളുമായി താഴേക്ക് ചാടി. വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിക്കുന്നതിനിടെ ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് എത്തി. എന്നാൽ, വഴി ഇടുങ്ങിയതായതിനാൽ വാഹനങ്ങൾക്ക് കയറാൻ കഴിയാതെ രക്ഷാപ്രവർത്തനം വൈകി. നിർമാണ കരാറുകാരനായ ബിനീഷ് അഞ്ചു വർഷത്തെ പ്രയത്നത്തിൽ പൂർത്തിയാക്കിയ വീട്ടിൽ കഴിഞ്ഞ മേയ് ഒന്നിനാണ് താമസം ആരംഭിച്ചത്. വീട്ടുപകരണങ്ങളും വയറിംഗും പൂർണമായി കത്തിനശിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വിട്ടു നൽകി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മണിമല ഹോളിമാഗി ഫൊറോനാപള്ളിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |