ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് 5ജി സേവനം ഉറപ്പാക്കുന്നതിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി റിലയൻസ് ജിയോ കുതിക്കുന്നു. കഴിഞ്ഞവാരം വരെയുള്ള കണക്കുപ്രകാരം രാജ്യത്ത് 277 നഗരങ്ങളിൽ ജിയോ 5ജി എത്തിച്ചുകഴിഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്‌ച മാത്രം 20 പുതിയ നഗരങ്ങളിലേക്ക് കമ്പനി 'ട്രൂ 5ജി" സേവനം വ്യാപിപ്പിച്ചിരുന്നു.
അസം, ബിഹാർ, ഗോവ, ദാദ്ര ആൻഡ് നാഗർഹവേലി, ദാമൻ ആൻഡ് ദിയു, ഗുജറാത്ത്, ജാർഖണ്ഡ്, കർണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്‌ട്ര, മണിപ്പൂർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലായി 20 നഗരങ്ങളിലാണ് പുതുതായി 5ജി സേവനം ലഭ്യമാക്കിയത്. ഈ 20 നഗരങ്ങളിലും ആദ്യമായി 5ജി എത്തിച്ചതും ഇപ്പോൾ സേവനം നൽകുന്ന ഏക കമ്പനിയും ജിയോയാണ്.
ജിയോ വെൽകം ഓഫറിലൂടെ ക്ഷണം ലഭിക്കുന്ന ഉപഭോക്താക്കൾക്കാണ് 5ജി സേവനം ലഭിക്കുക. ഒരു ജി.ബി.പി.എസ് വേഗത്തിൽ അൺലിമിറ്റഡ് ഡേറ്റ ആസ്വദിക്കാം. അധിക ചാർജില്ലെന്ന പ്രത്യേകതയുമുണ്ട്.
ഇ-ഗവേണൻസ്, വിദ്യാഭ്യാസം, ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), ഗെയിമിംഗ്, ഹെൽത്ത് കെയർ, കാർഷികം, ഐ.ടി., ചെറുകിട സംരംഭങ്ങൾ എന്നിവയ്ക്ക് 5ജി സേവനം വലിയ നേട്ടമാകുമെന്ന് റിലയൻസ് ജിയോ വ്യക്തമാക്കി. നിലവിലെ 4ജി അടിസ്ഥാനസൗകര്യത്തെ ആശ്രയിക്കാത്ത, സ്വതന്ത്ര 5ജി സേവനമാണ് ലഭ്യമാക്കുന്നതെന്നും ജിയോ അധികൃതർ പറഞ്ഞു. 700 എം.എച്ച്.ഇസഡ്, 3500 എം.എച്ച്.ഇസഡ്, 26 ജി.എച്ച്.ഇസഡ് സ്‌പെക്‌ട്രം ബാൻഡുകളാണ് ജിയോയ്ക്കുള്ളത്.
എയർടെൽ തൊട്ടുപിന്നാലെ
20ഓളം സംസ്ഥാനങ്ങളിലായി 140ഓളം നഗരങ്ങളിൽ '5ജി പ്ളസ്" സേവനം ലഭ്യമാക്കി ഭാരതി എയർടെല്ലും 5ജി പോരിൽ രംഗത്തുണ്ട്. നിലവിലെ 4ജിയേക്കാൾ 30 മടങ്ങുവരെ അധികവേഗമാണ് 5ജിയിൽ എയർടെൽ വാഗ്ദാനം ചെയ്യുന്നത്.
അതേസമയം, മറ്റൊരു സ്വകാര്യ ടെലികോം കമ്പനിയായ വൊഡാഫോൺ-ഐഡിയ (വീ) ഇതുവരെ 5ജി അക്കൗണ്ട് തുറന്നിട്ടില്ല. കേന്ദ്രത്തിൽ നിന്ന് 5ജി സ്‌പെക്‌ട്രം നേടിയ കരാർപ്രകാരം 52 ആഴ്ചയ്ക്കുള്ളിൽ 22 ടെലികോം സർക്കിളുകളിലൊന്നില്ലെങ്കിലും കമ്പനി 5ജി സേവനം നൽകണം. ഇത് പാലിച്ചില്ലെങ്കിൽ സ്‌പെക്‌ട്രം തിരിച്ചേൽപ്പിക്കേണ്ടിവരും. പിഴയും നൽകേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |