തിരുവനന്തപുരം:മൂന്നാം ചന്ദ്രയാത്രയ്‌ക്ക് ഒരുങ്ങി ഇന്ത്യ. റോക്കറ്റും ഉപഗ്രഹങ്ങളും ഉപകരണങ്ങളും തയ്യാറായി. ഇനി വിക്ഷേപണ സ്ളോട്ട് തിരഞ്ഞെടുത്താൽ മതി. ജി.എസ്.എൽ.വി.മാർക്ക് ത്രീ റോക്കറ്റിൽ ഈ വർഷം ജൂണിലാണ് വിക്ഷേപണം. വിജയിച്ചാൽ ചന്ദ്രനിൽ വാഹനം ഇറക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. ഇപ്പോൾ അമേരിക്ക,റഷ്യ,ചെെന രാജ്യങ്ങൾക്കാണ് ഈ നേട്ടം.
രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രന് അരകിലോമീറ്റർ മുകളിൽ വച്ച് നിയന്ത്രണം നഷ്ടമായി ചന്ദ്രോപരിതലത്തിൽ തകർന്നു വീഴുകയായിരുന്നു. അന്നത്തെ പിഴവുകൾ തീർത്താണ് മൂന്നാം ദൗത്യം. വൈദ്യുത, കാന്തിക സാഹചര്യങ്ങളിൽ നിയന്ത്രണ സംവിധാനങ്ങളുടെ കൃത്യത ഉറപ്പാക്കി. ബംഗളൂരുവിലെ യു.ആർ റാവു സാറ്റലൈറ്റ് സെന്ററിലാണ് നിർണായകമായ ഇലക്ട്രോ മാഗ്‌നെറ്റിക് ഇന്റർഫറൻസ് , ഇലക്ട്രോമാഗ്‌നെറ്റിക് കോംപാറ്റിബിലിറ്റി തുടങ്ങിയ പരിശോധനകൾ പൂർത്തിയാക്കിയത്. ചന്ദ്രനിൽ ഇറങ്ങുന്ന ലാൻഡർ ഭാഗത്തിന്റെ പരിശോധനകൾ ജനുവരി 31 മുതൽ ഫെബ്രുവരി രണ്ട് വരെ വിജയകരമായി നടത്തി.
ചന്ദ്രയാൻ മൂന്നിന് മൂന്ന് പ്രധാന മോഡ്യൂളുകളാണ് ഉള്ളത്. പ്രൊപ്പൽഷൻ മോഡ്യൂൾ, ലാൻഡർ മോഡ്യൂൾ, റോവർ. ഈ മോഡ്യൂളുകൾ തമ്മിലുള്ള റേഡിയോ തരംഗ ആശയവിനിമയം സ്ഥാപിക്കുക പ്രധാന കടമ്പയാണ്. അതിന്റെ പരിശോധനയും നടന്നു.
റോക്കറ്റ് പറന്നുയർന്ന ശേഷം അപ്രതീക്ഷിതമയി ഉണ്ടാകാവുന്ന വെല്ലുവിളികൾ നേരിടാനുള്ള ശേഷിയോടെയാണ് ലാൻഡർ രൂപകൽപന ചെയ്തത്. തയ്യാറെടുപ്പുകളെല്ലാം അവസാന ഘട്ടത്തിലാണ്.
ലാൻഡിംഗ് ദക്ഷിണ ധ്രുവത്തിൽ
ഇത്തവണയും ലാൻഡിംഗ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് അടുത്തുള്ള സമതലത്തിലാണ്. പേടകം ചന്ദ്രനെ നിശ്ചിത പഥത്തിൽ ഭ്രമണം ചെയ്‌ത് ഭൂമിയുമായുള്ള ബന്ധം നിലനിറുത്തുമ്പോൾ റോവറുമായി ലാൻഡർ ചന്ദ്രനിലിറങ്ങും. ഇതിൽ നിന്ന് പുറത്തിറങ്ങുന്ന റോവർ ചന്ദ്രോപരിതലത്തിൽ സഞ്ചരിക്കും.
പഠന വിഷയങ്ങൾ
ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്ന് ഭൂമിയെ പഠിക്കുക
ചന്ദ്രനിലെ താപവ്യതിയാനം, പ്ളാസ്മയുടെ സാന്ദ്രത, ഗുരുത്വാകാർഷണം, റേഡിയേഷൻ
ഇതിനുള്ള ഉപകരണങ്ങളാണ് ലാൻഡറിലും റോവറിലും
ഒന്നാം ചന്ദ്രയാൻ 2009 ആഗസ്റ്റ് 28,ചെലവ് 386കോടിരൂപ
രണ്ടാം ചന്ദ്രയാൻ 2019 ജൂലായ് 22 ചെലവ് 960കോടിരൂപ
മൂന്നാം ചന്ദ്രയാൻ ചെലവ് 615കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |