ആറളം : കാട്ടിൽ ചൂട് കൂടിയതോടെ ആവാസ വ്യവസ്ഥ വിട്ട് നാട്ടിലേക്കിറങ്ങുന്ന മൃഗങ്ങൾ കർഷകർക്ക് കടുത്ത ഭീഷണിയായികുന്നു. വനത്തിലെ ജലാശയങ്ങൾ വറ്റിയതോടെ കുടിവെള്ളവും ഭക്ഷണവും തേടി ആറളം ഫാമിനുള്ളിൽ ചുറ്റിനടക്കുകയാണ് ആനക്കൂട്ടം. ജീവൻ പണയപ്പെടുത്തിയാണ് തൊഴിലാളികൾ കൃഷിയിടത്തിൽ എത്തുന്നത്.
കഴിഞ്ഞ ദിവസം കൂട്ടമായി എത്തിയ ആനക്കൂട്ടം മേഖലയിലെ നിരവധി തെങ്ങുകളും കശുമാവും നശിപ്പിച്ചു. കാട്ടാനകളെ കൃഷിയിടത്തിൽനിന്ന് ഓടിക്കുന്നതിനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
കാട്ടാനകൾ കൂട്ടമായി തമ്പടിച്ചതോടെ ആറളം ഫാമിൽ തൊഴിലാളികളുടെ ജീവൻ ഇപ്പോൾ കടുത്ത ഭീഷണിയിലാണ്. കശുവണ്ടി ശേഖരണം ഉൾപ്പെടെ ഇതോടെ പ്രതിസന്ധിയിലാണ്.
കണ്ണവം വനത്തിലെ ചെന്നപ്പൊയിൽ, ആറളം ,കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളുടെ അതിർത്തി പ്രദേശങ്ങളായ കേളകം പഞ്ചായത്തിലെ പൊയ്യ മല, വെണ്ടേക്കുംചാൽ,അടയ്ക്കത്തോട്, രാമച്ചി, ശാന്തിഗിരി, കരിയംകാപ്പ്, തുടങ്ങിയ പ്രദേശങ്ങളും കൊട്ടിയൂർ പഞ്ചായത്തിലെ പാലുകാച്ചി ,പന്നിയാംമല, അമ്പയത്തോട്,ചപ്പമല, നെല്ലിയോടി, തുടങ്ങിയ പ്രദേശങ്ങളിലും ജനം വന്യമൃഗപ്പേടിയിലാണ്. ദിവസങ്ങൾക്ക് മുമ്പ് കേളകം പൊയ്യ മലയിലും, വെണ്ടേക്കും ചാലിലും പുലി ഭീതി പരത്തിയെങ്കിൽ ശാന്തിഗിരിയിൽ കടുവയുടെ മുമ്പിൽ അകപ്പെട്ട കർഷകൻ കാടുവെട്ടുന്ന യന്ത്രം പ്രവർത്തിപ്പിച്ച് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
കണ്ണവം ചെന്നപ്പൊയിലിലെ കർഷകരുടെ കവുങ്ങും തെങ്ങും കാട്ടാനകൾ നശിപ്പിച്ചു. വന്യമൃഗശല്യം കൂടിയതോടെ ഭൂരിഭാഗം പേരും റബ്ബർ ടാപ്പിംഗ് ഉപേക്ഷിച്ചിരുന്നു.
കശുഅണ്ടി ശേഖരിക്കാൻ കഴിയാതെ കർഷകർ
ആറളത്തെ കശുമാവിൻ തോട്ടങ്ങളിൽ പകുതി മാത്രമാണ് ഇതുവരെ വെട്ടിതെളിയിച്ചത്. കശുവണ്ടിയുടെ ഉത്പാദനം തുടങ്ങി മാസങ്ങൾ പിന്നിട്ടിട്ടും കാട്ടാനകളെ ഭയന്ന് കാടുവെട്ട് മുടങ്ങിയത് മൂലം ഫാമിന് വൻസാമ്പത്തിക നഷ്ടമാണ് നേരിടുന്നത്.
നേരത്തെ ആദിവാസികൾക്കു പതിച്ചു നൽകിയ ഭൂമിയിലെ കാടു മൂടിയ പ്രദേശങ്ങളിലാണ് ആനകൾ താവളമാക്കിയിരുന്നത്. ഇവിടം കാടുകൾ വെട്ടിതെളിച്ചതോടെയാണ് ആനകൾ ഫാമിലെ കശുമാവിൻതോപ്പുകൾ താവളമാക്കിയത്. ഫാമിൽ കൃഷിയാവശ്യത്തിനായി നിർമ്മിച്ച കുളങ്ങളിൽ വെള്ളത്തിന്റെ ലഭ്യതയുള്ളതാണ് ആനക്കൂട്ടം വിട്ടുപോകാത്തതിന് പിന്നിൽ. സാമ്പത്തിക പ്രതിസന്ധി കാരണം ഫാമിലെ തൊഴിലാളികൾക്ക് അഞ്ചുമാസമായി ശമ്പളം നൽകിയിട്ടില്ല. കശുവണ്ടിയിൽ നിന്നുള്ള വരുമാനത്തിലായിരുന്നു പ്രതീക്ഷയുണ്ടായിരുന്നത്.
കാട്ടാനകളിൽ മറ്റു വന്യമൃഗങ്ങളിൽ കർഷകരെ രക്ഷിക്കാൻ നടപടിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകും.
സുനിൽ ചെന്നപ്പൊയിൽ
പൊതുപ്രവർത്തകൻ, കണ്ണവം കോളനി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |