മാഡ്രിഡ് : മദ്ധ്യാഫ്രിക്കൻ രാജ്യമായ ഇക്വറ്റോറിയൽ ഗിനിയ്ക്ക് പിന്നാലെ സ്പെയിനിലും അതീവ അപകടകാരിയായ മാർബർഗ് വൈറസ് സാന്നിദ്ധ്യം സംശയിക്കുന്നതായി റിപ്പോർട്ട്. അടുത്തിടെ ഇക്വറ്റോറിയൽ ഗിനിയിൽ നിന്ന് തിരിച്ചെത്തിയ 34 വയസുകാരനിലാണ് രോഗബാധ സംശയിക്കുന്നതെന്ന് സ്പാനിഷ് ആരോഗ്യ മന്ത്രാലയം പറയുന്നു. ഇയാൾ നിലവിൽ വാലൻഷ്യ മേഖലയിലെ ആശുപത്രിയിൽ ഐസൊലേഷനിലാണ്. ഇദ്ദേഹത്തിന്റെ പരിശോധന ഫലങ്ങൾ ഉടൻ ലഭ്യമാകും. ഇക്വറ്റോറിയൽ ഗിനിയിൽ ഇതുവരെ ഒമ്പത് പേർ മാർബർഗ് ബാധിച്ച് മരിച്ചു. 16 പേരിൽ രോഗം സംശയിക്കുന്നു. 200 ഓളം പേർ നിരീക്ഷണത്തിലാണ്. അയൽരാജ്യമായ കാമറൂണിലും രണ്ട് പേരിൽ വൈറസ് ബാധ സംശയിക്കുന്നുണ്ട്. എബോളയ്ക്ക് സമാനമായി വവ്വാലുകളിൽ നിന്ന് പകരുന്ന മാർബർഗ് വൈറസ് ബാധയ്ക്ക് 88 ശതമാനം വരെ മരണനിരക്കാണുള്ളത്. ആഫ്രിക്കൻ പഴംതീനി വവ്വാലുകളിൽ നിന്നോ വൈറസ് വാഹകരായ മറ്റ് മൃഗങ്ങളിൽ നിന്നോ മനുഷ്യരിലേക്ക് പടരുന്നു. 1967ൽ ജർമ്മനിയിലെ മാർബർഗ് നഗരത്തിൽ വച്ചാണ് ഈ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത്. മാർബർഗിലെ ഒരു ലബോറട്ടറിയിലേക്കെത്തിച്ച ആഫ്രിക്കൻ കുരങ്ങുകളിൽ നിന്ന് മനുഷ്യരിലേക്ക് പടരുകയായിരുന്നു. പിന്നീട് അംഗോള, ഡി.ആർ. കോംഗോ, കെനിയ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട തുടങ്ങി ആഫ്രിക്കയുടെ പല ഭാഗത്തും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കും പടരുന്ന മാർബർഗ് വൈറസിന് നിലവിൽ ചികിത്സയോ വാക്സിനോ ഇല്ല. കടുത്ത പനി, തലവേദന, ശരീരവേദന, മസ്തിഷ്‌കജ്വരം, രക്തസ്രാവം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |