SignIn
Kerala Kaumudi Online
Friday, 26 April 2024 5.55 PM IST

വേനൽ കടുത്തതോടെ നീരൊഴുക്ക് കുറഞ്ഞ് വാമനപുരം നദി

vatti-varanda-nadhi

ആറ്റിങ്ങൽ: വേനൽ കടുത്തതോടെ വാമനപുരം നദിയിലെ നീരൊഴുക്ക് വൻ തോതിൽ കുറഞ്ഞ് ജലനിരപ്പ് താഴ്ന്നതോടെ ജലഅതോറിട്ടിയുടെ കുടിവെള്ള വിതരണം അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നു. ജല അതോറിട്ടിയുടെ ഒരു ഡസനിലേറെ കുടിവെള്ള പദ്ധതികളാണ് വാമനപുരം നദിയെ കേന്ദ്രീകരിച്ച് ഇപ്പോൾ പ്രവർത്തിക്കുന്നത്. ആറ്റിങ്ങൽ‍, വർക്കല, കിളിമാനൂർ, കഴക്കൂട്ടം, കഠിനംകുളം മേഖലകളിലെല്ലാം ശുദ്ധജലത്തിന് ആശ്രയിക്കുന്നത് വാമനപുരം നദിയെയാണ്. വാമനപുരം നദിയിൽ അയിലം മുതൽ ആറ്റിങ്ങൽ‍ പൂവമ്പാറ വരെയുള്ള ഭാഗത്തായാണ് ജല അതോറിട്ടിയുടെ പമ്പിംഗ് കിണറുകൾ ഉള്ളത്. നദിയിൽ നിന്ന് ശേഖരിക്കുന്ന ജലം വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ശുദ്ധീകരണ പ്ലാന്റുകളിലെത്തിച്ച് ശുദ്ധീകരിച്ച് സംഭരണികളിലേക്ക് മാറ്റുന്നതാണ് നിലവിലെ രീതി. നദിയിലെ നീരൊഴുക്ക് കുറഞ്ഞതോടെ ജലവിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യം വരും ദിവസങ്ങളിൽ ജലഅതോറിട്ടി പരിഗണിക്കും. പമ്പിംഗ് കിണറുകളിൽ നിന്നുള്ള ജലശേഖരണം നിലവിൽ സുഗമമായി നടക്കുന്നുണ്ട്. എന്നാൽ നീരൊഴുക്ക് കുറഞ്ഞതിനാൽ പമ്പിംഗ് പൂർത്തിയാകുന്ന മുറയ്ക്ക് പമ്പിംഗ് കിണറുകളിൽ ജലനിരപ്പ് വലിയതോതിൽ താഴുന്ന അവസ്ഥയാണിപ്പോൾ.

നിലവിൽ ഉയർന്ന പ്രദേശങ്ങളിൽ ജലദൗർലഭ്യം നേരിടുന്നുണ്ട്. നിയന്ത്രണാതീതമായി കുഴൽക്കിണറുകൾ വർദ്ധിച്ചത് നദിയിലെ ജലവിതാനം താഴുന്നതിനിടയാക്കിയിട്ടുണ്ടെന്നാണ് പഠന റിപ്പോർട്ട്. തദ്ദേശസ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി കുഴൽകിണർ നിർമ്മാണം ഗ്രാമീണ മേഖലയിൽ വ്യാപകമാണെന്നും ആക്ഷേപമുണ്ട്. ജലഅതോറിട്ടിയുടെ പൈപ്പ് ലൈനിലൂടെയുള്ള ജലവിതരണം നഗരപ്രദേശത്ത് തടസ്സം കൂടാതെ നിലവിൽ നടക്കുന്നുണ്ട്. എന്നാൽ ഗ്രാമീണ മേഖലകളിൽ ജലവിതരണം പല സ്ഥലങ്ങളിലും നാമമാത്രമാണെന്ന് ആക്ഷേപമുണ്ട്.

തീരദേശമേഖലകളിലടക്കം പൈപ്പ് ലൈനിലൂടെ പല ദിവസവും കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണ്. വേനൽ ചൂട് കടുത്തതോടെ ജലഉപഭോഗത്തിലുണ്ടായ വർദ്ധനയാണ് കാരണം. ഉപഭോഗം കൂടിയതിനെ തുടർന്ന് ജലഅതോറിട്ടിയുടെ എല്ലാ പമ്പിംഗ് കിണറുകളിലും ഉത്പാദനം വൻതോതിൽ വർദ്ധിപ്പിച്ചിരുന്നു. എന്നിട്ടും ഉപഭോഗത്തിലുണ്ടായ വർദ്ധനയെ ഉൾക്കൊള്ളാൻ കഴിയുന്നില്ല.

വാമനപുരം നദിയിലെ നീരൊഴുക്കിലുണ്ടായ കുറവ് ജലഅതോറിട്ടി ഉദ്യോഗസ്ഥരെത്തി പരിശോധിക്കുന്നുണ്ട്. ജല അതോറിട്ടി മുൻകരുതലെന്ന നിലയ്ക്ക് പൂവൻപാറ ചെക്ക് ഡാമിൽ താത്കാലിക തടയണ നിർമിച്ചു ഉയരം കൂട്ടി ജലം തടഞ്ഞു നിറുത്താനുള്ള നടപടികൾ പൂർത്തിയായി. ചൂട് വർദ്ധിക്കുന്നത് ജലം ബാഷ്പീകരിച്ച് പോകുന്നതിനും പെട്ടെന്ന് വറ്റുന്നതിനും കാരണമാകും. ഇതാണ് ആശങ്ക സൃഷ്ടിക്കുന്നത്. ജല ജീവൻ മിഷൻ കൂടി വന്നതോടെ ഉപഭോക്താക്കളുടെ എണ്ണം മൂന്നിരട്ടി ആയി വർധിച്ചിട്ടുണ്ട്. എന്നാല് ജല ശേഖരണത്തിന് ഉള്ള സ്രോതസ്സ് ഇന്നും വാമനപുരം നദി മാത്രം ആണ്.

വേനലിൽ വെള്ളം കുറഞ്ഞപ്പോൾ മരണം ഒളിപ്പിച്ച വൻ കയങ്ങളും രൂപപ്പെട്ടു കഴിഞ്ഞു. മുകൾപ്പരപ്പ് ശാന്തമാണെങ്കിലും അടിയിൽ പതിയിരിക്കുന്നത് അപകടങ്ങളാണ്. അപകടത്തിൽ പെടുന്നവരിലേറെയും അന്യസ്ഥലങ്ങളിൽ നിന്നും എത്തുന്നവരാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മൂന്നുവർഷത്തിനിടെ വാമനപുരം നദിയിൽ മുങ്ങിമരിച്ചത് 15 പേർ. വേനൽ കടുത്തതോടെ ആറുകളിലെ ജലനിരപ്പ് താഴ്ന്ന് പാറകൾ തെളിഞ്ഞും മണൽക്കുഴികൾ രൂപപ്പെട്ടും അപകടക്കെണികളാകുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.