SignIn
Kerala Kaumudi Online
Friday, 26 April 2024 8.56 AM IST

കലാകാരന്മാർക്ക് അന്നമാകാൻ 'പൂമാതെ പൊന്നമ്മ'

sivaji-

തൃശൂർ: കീഴാള സ്ത്രീ നേരിട്ട ജാതിവിവേചനത്തിന്റെ കഥപറയുന്ന 'പൂമാതെ പൊന്നമ്മ' നാടകം വേദിയിലെത്തിച്ച് സമാഹരിക്കുന്ന തുക കൊണ്ട് നിർദ്ധന കലാകാരന്മാരെ ചേർത്തുപിടിക്കാൻ സിനിമാ-സീരിയൽ താരങ്ങൾ. ശിവജി ഗുരുവായൂർ, കുളപ്പുള്ളി ലീല, രജനി മുരളി തുടങ്ങിയ ചലച്ചിത്ര സീരിയൽ നാടകതാരങ്ങൾക്കൊപ്പം കുന്നംകുളം 'നന്മ'യിലെ നടീനടന്മാരാണ് വേദിയിലെത്തുക.

ലോകനാടക ദിനമായ മാർച്ച് 27ന് കുന്നംകുളം ടൗൺഹാളിലാണ് 'പൂമാതെ പൊന്നമ്മ' അരങ്ങേറുന്നത്. നൂറ് രൂപയാണ് ടിക്കറ്റ് നിരക്ക്. കാരുണ്യമതികളിൽ നിന്നും സംഭാവന സ്വീകരിക്കും. ജീവിത പ്രാരാബ്ധങ്ങളാലും രോഗങ്ങളാലും കഷ്ടപ്പെടുന്ന കലാകാരന്മാരുടെ വിവരം ശേഖരിച്ച് ധനസഹായം അവരുടെ വീടുകളിലേക്കെത്തിക്കും. ഹേമന്ത്കുമാർ രചന നിർവഹിച്ച നാടകത്തിന്റെ റിഹേഴ്‌സൽ തുടങ്ങി.

"നാടകക്കാർ അന്നും എന്നും അവശരാണ്. പക്ഷേ, കലാകാരൻ അവശനാവരുത് എന്നുള്ള പ്രഖ്യാപനം കൂടിയാണ് ഈ സംരംഭ"മെന്ന് നാടകത്തിലെ പ്രധാനനടനും സംവിധായകനുമായ ശിവജി ഗുരുവായൂർ പറഞ്ഞു. പൂമാതെ പൊന്നമ്മ എന്ന കഥാപാത്രം നേരിട്ട ചെറുത്തുനിൽപ്പിന്റെ ഗോത്രവർഗ്ഗ പ്രതിരൂപമായ നാടകം മുൻപും നിരവധി വേദികളിൽ അവതരിപ്പിച്ചിരുന്നു. രാജൻ ചൂണ്ടപുരയ്ക്കൽ, നന്മ പ്രസിഡന്റ് പ്രേമൻ, സെക്രട്ടറി ഷൈമ ജ്യോതിഷ് തുടങ്ങിയവരും അണിയറയിലുണ്ട്.

പെൺകരുത്തിന്റെ കഥ

ബ്രിട്ടീഷ് ഭരണത്തിന് മുമ്പ് മലബാറിൽ നിലനിന്ന അയിത്തത്തിലും ജാതിജന്മിത്ത വ്യവസ്ഥിതിയിലും അധികാര ധാർഷ്ട്യത്തിലും ഇരകളാക്കപ്പെട്ട സ്ത്രീകളുടെ ജീവിതാനുഭവമാണ് പ്രധാനപ്രമേയം. വടക്കൻപാട്ടിലെ വീരവനിതയാണ് പുലയസമുദായാംഗമെന്ന് പറയുന്ന പൂമാതെ പൊന്നമ്മ. കടലുംകര നാടുവാഴിയുമായുള്ള ശാരീരിക ബന്ധത്തിന് അവൾ വഴങ്ങാത്തതിന്, കാലിമേയ്ക്കാൻ വന്നവരുമായി അവൾ ബന്ധത്തിലാണെന്ന് പറഞ്ഞുപരത്തി മുക്കണ്ണൻ പന്തം കൊണ്ട് തലയും മുലയും കരിക്കണമെന്ന ഗോത്ര ശിക്ഷ വിധിക്കുന്നതാണ് കഥ.

നാടകത്തിൽ അഭിനയിച്ചതിന്റെ പേരിൽ ഒരുപാട് ദുരിതം അനുഭവിച്ചിട്ടുണ്ട്, എന്നെപ്പോലെയുള്ളവർ. നാടകക്കാരിയാണെന്ന് പറഞ്ഞ് സമൂഹം കൈയകലത്തിൽ നിറുത്തി. പണവും പ്രശസ്തിയുമില്ലാതെ, അപമാനം മാത്രം സഹിച്ചവരാണ് പഴയകാലത്തുള്ളവർ. പക്ഷേ, മരിക്കും വരെ നാടക അഭിനേതാവാണെന്ന് അറിയപ്പെടാനാണ് ആഗ്രഹം. അതുകൊണ്ട് എല്ലാ സഹകരണവും ഈ സംരംഭത്തിനുണ്ട്.

കുളപ്പുള്ളി ലീല

എത്രയൊക്കെ സമത്വവും സ്വാതന്ത്ര്യവുമുണ്ടായിട്ടും സ്ത്രീകളിന്നും സുരക്ഷിതരല്ല. പോയകാലത്തും ഇതുതന്നെയായിരുന്നു. നൂറ്റാണ്ടുകൾക്ക് മുൻപുണ്ടായ വാമൊഴി പാട്ടുകഥയ്ക്ക് ഇന്നത്തെ ഹൈടെക് യുഗത്തിലും പ്രസക്തിയുണ്ട്.

ശിവജി ഗുരുവായൂർ

വളരെ ശക്തമായ നാടകമാണിത്. സ്ത്രീ മുന്നേറ്റത്തിന്റെ കഥ. നാടക കലാകാരി എന്ന് അറിയപ്പെടുന്നതിൽ അഭിമാനിക്കുന്നയാളാണ് ഞാൻ.

രജനി മുരളി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, POOMATHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.